ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
അധ്വാന മുദ്രകൾ സംസ്കാര പരിണാമം

സജു കോച്ചേരി
Published on May 18, 2025, 12:00 AM | 2 min read
ഭൂതകാലത്തിന്റെ അവശേഷിപ്പുകൾ അടുക്കിവച്ച കെട്ടിടങ്ങളല്ല, മാനവരാശി പിന്നിട്ട ചരിത്രവഴികളിലെ ഈടുവയ്പുകളാണ് ഓരോ മ്യൂസിയവും. ഓരോ പ്രദർശന വസ്തുവിനും പറയാൻ ഒട്ടേറെ കഥകളുണ്ടാകും. കാലവും ദേശവും മനുഷ്യാധ്വാനവും അതിൽ കൈമുദ്ര ചാർത്തിയിട്ടുണ്ട്. നാം എത്തിനിൽക്കുന്ന വർത്തമാനത്തിൽനിന്ന് ഇന്നലെകളെ നോക്കിക്കാണുമ്പോൾ മാറ്റങ്ങളുടെ മഹാ പ്രവാഹത്തെയാണ് അളന്നെടുക്കുന്നത്. ഇവിടെ വസ്തുക്കൾ വസ്തുതകൾക്ക് സാക്ഷ്യമാകുകയാണ്.
ചരിത്രാന്വേഷികൾക്കു മാത്രമല്ല, സാധാരണക്കാരായ സഞ്ചാരികൾക്കും വിദ്യാർഥികൾക്കും കാണാനും പഠിക്കാനുമുള്ള കലാലയമാണ് ഓരോ മ്യൂസിയവും. മെയ് 18 അന്താരാഷ്ട്ര മ്യൂസിയം ദിനമാണ്. മ്യൂസിയങ്ങളുടെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ, ഇന്റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസിന്റെ (ICOM) നേതൃത്വത്തിൽ 1977 മുതൽ അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിക്കുകയാണ്. അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിൽ മ്യൂസിയങ്ങളുടെ ഭാവി എന്നതാണ് ഈ വർഷത്തെ പ്രമേയം.
ഒമ്പതു വർഷംകൊണ്ട് കേരളത്തിൽ വ്യത്യസ്തങ്ങളായ മ്യൂസിയങ്ങളുടെ ശൃംഖല സർക്കാർ സ്ഥാപിച്ചുകഴിഞ്ഞു. പുരാവസ്തു, മ്യൂസിയം, പുരാരേഖ തുടങ്ങിയ വകുപ്പുകൾക്കു കീഴിൽ മാത്രമായി 12 പുതിയ മ്യൂസിയം ആരംഭിച്ചു. ആറ് പ്രധാന മ്യൂസിയം സമഗ്രമായി പുനഃസജ്ജീകരിച്ചു. കോട്ടയത്ത് അക്ഷര മ്യൂസിയം സ്ഥാപിതമായി.
ഗാന്ധി മ്യൂസിയങ്ങൾ
ഭരണകൂടം ഓർമകളെ ഭയക്കുന്ന കാലത്ത് കേരളം ഗാന്ധിജിയെ ഓർക്കുന്നതിന്റെ രാഷ്ട്രീയം തിരിച്ചറിയുന്നു. വൈക്കത്തും പയ്യന്നൂരിലും ഗാന്ധി മ്യൂസിയങ്ങൾ സ്ഥാപിതമായി. വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന മ്യൂസിയമാണ് പുരാരേഖാവകുപ്പ് വൈക്കത്ത് സ്ഥാപിച്ച വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം.
സ്വാതന്ത്ര്യസമര ചരിത്രത്തിൽ രണ്ടാം ബർദോളി എന്നറിയപ്പെടുന്ന പയ്യന്നൂരിലെ പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിലാണ് ഗാന്ധി സ്മൃതി മ്യൂസിയം. ഗാന്ധിയൻ സമര ചരിത്രം, ഗാന്ധിജിയുടെ കേരള സന്ദർശനങ്ങൾ, ഉത്തരകേരളത്തിൽ നടന്ന സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾ, കാർഷികസമരങ്ങൾ എന്നിവ ഇവിടെ ദൃശ്യവൽക്കരിച്ചിരിക്കുന്നു.
രാജാരവിവർമ ആർട്ട് ഗ്യാലറി
രാജാരവിവർമയുടെ യഥാർഥ ചിത്രങ്ങളുടെ ഏറ്റവും വലിയ ശേഖരം സൂക്ഷിക്കുന്നത് മ്യൂസിയംവകുപ്പാണ്. രവിവർമ ചിത്രങ്ങൾക്കു മാത്രമായി ഒരു ആർട്ട് ഗ്യാലറി സജ്ജീകരണം പൂർത്തിയാക്കി, മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു.
ജില്ലാ പൈതൃക മ്യൂസിയങ്ങൾ
പാരമ്പര്യത്തെയും പൈതൃകത്തെയും മുകളിൽനിന്ന് നോക്കിക്കണ്ട ഒരു കാലമുണ്ടായിരുന്നു. അക്കാലത്ത് അടിത്തട്ടിലെ മനുഷ്യർക്കും സമൂഹങ്ങൾക്കും ചരിത്രവും സംസ്കാരവുമുണ്ടോ എന്ന് സംശയിച്ചവരുണ്ട്. അത്തരം പ്രാദേശിക സാമൂഹ്യ ജീവിതത്തിന്റെ അടരുകളെയും വൈവിധ്യമാർന്ന പൈതൃകങ്ങളെയും പ്രദർശിപ്പിക്കുന്നവയാണ് ജില്ലാ പൈതൃക മ്യൂസിയങ്ങൾ. പുരാവസ്തു വകുപ്പിനു കീഴിൽ ഇടുക്കി, തൃശൂർ, പാലക്കാട്, എറണാകുളം, മലപ്പുറം എന്നീ അഞ്ച് ജില്ലാ പൈതൃക മ്യൂസിയങ്ങളാണ് സ്ഥാപിതമായത്.
കുങ്കിച്ചിറ ട്രൈബൽ ഹെറിറ്റേജ് മ്യൂസിയം, വയനാട്
ആദിമ നിവാസികളുടെ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും നേർക്കാഴ്ചകൾ ഒരുക്കിയ ട്രൈബൽ ഹെറിറ്റേജ് മ്യൂസിയം കുങ്കിച്ചിറയിലാണ്. അരികുവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ചരിത്രം, സംസ്കാരം എന്നിവ ജീവത്തായി പ്രദർശിപ്പിക്കപ്പെട്ട ഈ മ്യൂസിയം വയനാടിന്റെ പ്രകൃതി പൈതൃകത്തെയും മനോഹരമായി ദൃശ്യവൽക്കരിക്കുന്നു.
കണ്ണൂരിൽ കൈത്തറി മ്യൂസിയം
കൈത്തറിയുടെ നാടായ കണ്ണൂരിൽ പഴയ ജില്ലാ കലക്ടറേറ്റ് പ്രവർത്തിച്ചിരുന്ന പൈതൃക മന്ദിരത്തിൽ വസ്ത്രപരിണാമത്തിന്റെ കഥ പറയുന്ന മ്യൂസിയമാണ് കൈത്തറി മ്യൂസിയം.
താളിയോല രേഖാ മ്യൂസിയം, തിരുവനന്തപുരം
ഒരു കോടിയിലധികം വരുന്ന താളിയോല രേഖകൾ സൂക്ഷിക്കുന്ന സംസ്ഥാന പുരാരേഖവകുപ്പ്, അവയിൽനിന്ന് തെരഞ്ഞെടുത്ത രേഖകളെ മുൻനിർത്തി തിരുവനന്തപുരം കോട്ടയ്ക്കകത്ത് പഴയ തിരുവിതാംകൂർ ജയിൽ കെട്ടിടത്തിൽ സജ്ജീകരിച്ച മ്യൂസിയമാണ് താളിയോല രേഖാ മ്യൂസിയം.
മ്യൂസിയം പുനസ്സജ്ജീകരണം
കാഴ്ചകൾ, കാഴ്ചപ്പാടുകൾ, സാങ്കേതിക വിദ്യകൾ എന്നിവ മാറുകയാണ്. അതിനനുസൃതമായി മ്യൂസിയങ്ങളും മാറ്റത്തിന് വിധേയമാകുന്നു. നെടുമങ്ങാട് കോയിക്കൽ കൊട്ടാരം മ്യൂസിയം, തൃപ്പൂണിത്തുറ ഹിൽപാലസിലെ പുരാവസ്തു മ്യൂസിയം, കോഴിക്കോട് പഴശിരാജാ മ്യൂസിയം, പത്മനാഭപുരം കൊട്ടാരം മ്യൂസിയം, തൃശൂർ പുരാവസ്തു മ്യൂസിയം, തിരുവനന്തപുരത്തെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം എന്നിവ സമഗ്രമായി പുനഃസജ്ജീകരിക്കപ്പെട്ടു. നവീനമായ സാങ്കേതിക വിദ്യകളും ആധുനികമായ പ്രദർശന സംവിധാനങ്ങളും ഉപയോഗപ്പെടുത്തി വിഷയാധിഷ്ഠിതമായി കഥ പറയുന്ന ഗ്യാലറികൾ ഇവിടങ്ങളിൽ സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അപൂർവങ്ങളായ പ്രദർശന വസ്തുക്കൾകൊണ്ട് സമ്പന്നമാണ് ഈ മ്യൂസിയങ്ങൾ.
അക്ഷര മ്യൂസിയം, കോട്ടയം
അക്ഷര നഗരിയായ കോട്ടയത്തെ നാട്ടകത്ത് സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഭാഷാ-സാഹിത്യ-സാംസ്കാരിക മ്യൂസിയം. അക്ഷര പരിണാമത്തിന്റെ ചരിത്രത്തിൽനിന്ന് ആരംഭിക്കുന്ന മ്യൂസിയം നമ്മുടെ കലാ സാഹിത്യ സാംസ്കാരിക പരിണാമങ്ങളെ സമഗ്രമായി അടയാളപ്പെടുത്തുന്നു.









0 comments