അന്തർ ദേശീയ കേരള പഠന കോൺഗ്രസ്: വെബ്‌സൈറ്റ് പ്രകാശിപ്പിച്ചു; രജിസ്‌ട്രേഷന് തുടക്കം

തിരുവനന്തപുരം: എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പ്രകാശിപ്പിച്ചു. www.akgcentre.in വെബ്‌സൈറ്റിലൂടെ പഠന കോൺഗ്രസിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് പേര് രജിസ്റ്റർ ചെയ്യാം. ഫെബ്രുവരി 21, 22 തീയതികളിലായാണ് കോൺഗ്രസ് നടക്കുന്നത്.
എകെജി പഠനഗവേഷണകേന്ദ്രത്തെയും പഠനകോൺഗ്രസുകളെയും പറ്റിയുള്ള ലഘുവിവരണങ്ങൾ വെബ്‌സൈറ്റിലുണ്ട്. ഇതുവരെ നടന്ന നാലു പഠനകോൺഗ്രസുകളിലും അവതരിപ്പിച്ച പ്രബന്ധങ്ങളും അനുബന്ധ സെമിനാറുകളും ലഭ്യമാണ്. അഞ്ചാം പഠനകോൺഗ്രസിനു മുന്നോടിയായി നടത്തിയ സെമിനാറുകളിലെ പ്രബന്ധങ്ങളുടെ സമാഹാരങ്ങളും വെബ്‌സൈറ്റിൽ ചേർത്തിട്ടുണ്ട്.
ഒന്നാം പഠനകോൺഗ്രസിൽ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ സമഗ്രമായി പ്രതിപാദിച്ച് ഇഎംഎസ് നടത്തിയ അധ്യക്ഷപ്രസംഗം, ഒന്നാം കേരളമന്ത്രിസഭ മുതലുള്ള ഇടതുസർക്കാരുകൾ കേരളവികസനത്തെപ്പറ്റി നടത്തിയ ആലോചനകളും അതിന്റെ തുടർച്ചയായി അക്കാദമികപണ്ഡിതരെക്കൂടി പങ്കാളികളാക്കി നടത്തുന്ന കേരളപഠന കോൺഗ്രസിന്റെ പശ്ചാത്തലവും വിവരിച്ച് 1994-ൽ ഇഎംഎസ് എഴുതിയ ലേഖനം തുടങ്ങിയവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ആർക്കൈവിൽ ഇതുവരെ നടന്ന പഠനകോൺഗ്രസുകളുടെ ഫോട്ടോകളും പത്രവാർത്തകളും കാണാം. അഞ്ചാമത് പഠന കോൺഗ്രസ് സംബന്ധിച്ച മുഴുവൻ വിവരങ്ങളും വൈകാതെ ഉൾപ്പെടുത്തും. ഡോ. ടി എം തോമസ് ഐസക്ക് പങ്കെടുത്തു.










0 comments