print edition ഓൺലൈൻ ബുക്കിങ്: റെയിൽവേ റീഫണ്ടിങ് വൈകുന്നു

Representative Image | AI

സ്വന്തം ലേഖകൻ
Published on Apr 27, 2026, 12:58 AM | 1 min read
കൊല്ലം: ഓൺലൈൻ വഴി ബുക്ക് ചെയ്ത റെയിൽവേ ടിക്കറ്റ് റദ്ദാക്കുന്നവർ പണം തിരികെ ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നതായി പരാതി. ഇതിലൂടെ ബാങ്കുകൾക്കാണ് വൻ സാന്പത്തിക നേട്ടം.
കൊല്ലത്തുനിന്ന് ചെന്നൈയ്‌ക്കുള്ള ടിക്കറ്റ് റദ്ദാക്കിയ യാത്രക്കാരന് ഒരുവർഷമായിട്ടും പണം തിരികെ ലഭിച്ചില്ലെന്നും പരാതിയുണ്ട്.
റെയിൽവേ ടിക്കറ്റ് റദ്ദാക്കിയാൽ മൂന്നു മുതൽ 30 പ്രവൃത്തി ദിവസത്തിനുള്ളിൽ യാത്രക്കാരന് പണം തിരികെ നൽകണമെന്നാണ് നിബന്ധന. മുൻകാലങ്ങളിൽ യാത്ര ആരംഭിക്കുന്നതിന് മൂന്നുമണിക്കൂർ മുന്പ് ടിക്കറ്റ് റദ്ദാക്കാമായിരുന്നു. ടിക്കറ്റ് നിരക്കിന്റെ പകുതി യാത്രക്കാർക്ക് ലഭിച്ചിരുന്നു. ഇപ്പോഴാകട്ടെ യാത്ര ആരംഭിക്കുന്നതിന് എട്ട് മണിക്കൂറിന് മുമ്പ് റദ്ദാക്കിയാലേ റീഫണ്ടിങ് സാധ്യമാകൂ.
റെയിൽവേയുടെ ബാങ്കിങ് ഇടപാട് എസ്‌ബിഐ മുംബൈ ശാഖ വഴിയാണ്. ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാരന്റെ ബാങ്കിങ് ഇടപാടുകൾ എസ്‌ബിഐ വഴിയാണെങ്കിൽ കാലതാമസം കൂടാതെ തുക തിരികെ ലഭിക്കും. ഇതര ബാങ്കുകൾ വഴിയാണെങ്കിൽ പണം തിരികെ കിട്ടാൻ ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരുന്നെന്നാണ് പരാതി.










0 comments