മുത്തങ്ങയിൽ ചികിത്സയിലായിരുന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു


സ്വന്തം ലേഖകൻ
Published on Jan 29, 2025, 09:56 PM | 1 min read
ബത്തേരി: കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ഒറ്റപെട്ട നിലയിൽ ജനവാസ കേന്ദ്രത്തിൽ കണ്ടെത്തുകയും പിന്നീട് മുത്തങ്ങയിൽ ചികിത്സയിലുമായിരുന്ന ആനക്കുട്ടി ചരിഞ്ഞു. ബുധൻ പുലർച്ചെ നാലിനാണ് ചരിഞ്ഞത്. ഒരു വയസ് തോന്നിക്കുന്ന കുട്ടി കൊമ്പനാണ് ചരിഞ്ഞത്. തിങ്കൾ രാത്രി വരെ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാതിരുന്ന ആനയുടെ നില പിന്നീട് വഷളാവുകയായിരുന്നു.
12ന് മാനന്തവാടി എടയൂർകുന്ന് ഭാഗത്തുനിന്നാണ് കൂട്ടംതെറ്റിയെത്തിയ കൊമ്പനാനക്കുട്ടിയെ വനംവകുപ്പ് പിടികൂടിയശേഷം മുത്തങ്ങ ആനക്യാമ്പിലെത്തിച്ചത്. കാലിനും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലുമുണ്ടായ പരിക്കുകൾ കടുവയുടെ ആക്രമണത്തിൽ ഉണ്ടായതാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ആന്തരിക അവയവങ്ങൾക്കും ക്ഷതമേറ്റിരുന്നു. വനം വെറ്ററിനറി സീനിയർ സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിനുശേഷം ജഡം മുത്തങ്ങ വനത്തിൽ സംസ്‌കരിച്ചു.










0 comments