print edition പുതിയ പദ്ധതിയുമായി തപാൽവകുപ്പ്; 6 നഗരങ്ങളിൽ 24 മണിക്കൂറിനകം തപാലും പാഴ്സലുകളും

തിരുവനന്തപുരം : സംസ്ഥാനത്തെ ആറ് കോർപറേഷനുകളെ ബന്ധിപ്പിച്ച് 24 മണിക്കൂറിനുള്ളിൽ പാഴ്സലുകളും തപാലും എത്തിക്കുന്ന അതിവേഗ പോസ്റ്റൽ സേവനത്തിന് തുടക്കംകുറിച്ച് തപാൽവകുപ്പ്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ കോർപറേഷൻ പരിധിയിലാണ് സേവനം. നിലവിൽ സ്പീഡ് പോസ്റ്റ് പാഴ്സലുകൾക്ക് കേരളത്തിനുള്ളിൽ 24 മുതൽ 48 മണിക്കൂർവരെ സമയപരിധിയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതാണ് കോർപറേഷൻ പരിധികളിൽ ഇനിമുതൽ കൂടുതൽ വേഗത്തിലെത്തുന്നത്.
അധിക ചാർജില്ലാതെ ലഭ്യമാക്കുന്ന പദ്ധതിക്ക് അഷ്വേർഡ് നെക്സ്റ്റ് ഡേ ഡെലിവറി എന്നാണ് പേര് നൽകിയിരിക്കുന്നത്. തിരുവനന്തപുരം–കണ്ണൂർ റൂട്ടിൽ പുതുതായി ഏർപ്പെടുത്തിയ വിപുലീകരിച്ച റോഡ് മാർഗമുള്ള ചരക്കുഗതാഗതശൃംഖലയുടെ സഹായത്തോടെയാണ് പദ്ധതി.
തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടന്ന ചടങ്ങിൽ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അമിതാഭ് സിങ് ആറ് കോർപറേഷൻ മേയർമാർക്കും കത്തയച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം രണ്ട് സവിശേഷ തപാൽ കവറുകളും പ്രകാശിപ്പിച്ചു. ഫ്ലൈദുബായ് വിമാനം പറത്തുന്നതിനിടെ പരിക്കേറ്റിട്ടും വലിയൊരു അപകടം ഒഴിവാക്കി 175-ലധികം ജീവനുകൾ രക്ഷിച്ച ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ചിത്രമുള്ളതാണ് ഇതിൽ ഒന്ന്.
തിരുവനന്തപുരം കോർപറേഷനിലെ ശുചീകരണത്തൊഴിലാളികളുടെ സേവനങ്ങളെ മുൻനിർത്തിയാണ് രണ്ടാമത്തെ കവർ പുറത്തിറക്കിയത്. തിരുവനന്തപുരം നോർത്ത് ഡിവിഷൻ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ് ഗോവാഡ നവ്യ, ഡയറക്ടർ ഓഫ് അക്കൗണ്ട് പോസ്റ്റൽ ഡി വൈഷ്ണവി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments