Deshabhimani

print edition മന്ത്രിയുടെ ഓഫീസിൽ തയാറാക്കിയ പട്ടിക പുറത്ത്; കിലയിൽ വഴിവിട്ട നിയമനം

kila
വെബ് ഡെസ്ക്

Published on Sep 23, 2026, 01:31 AM | 1 min read

തൃശൂർ: കേരള ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലോക്കൽ അഡ്‌മിനിസ്‌ട്രേഷനിൽ (കില) മുസ്ലിംലീഗുകാർക്ക്‌ അനധികൃത നിയമനം. ആർജിഎസ്എ, കില ഹെൽപ്പ്‌ഡെസ്‌ക്‌ കോഓർഡിനേറ്റർ തസ്‌തികകളിലാണ്‌ വിദഗ്‌ധർക്ക്‌ പകരം യൂത്ത്‌ ലീഗ്‌, എംഎസ്‌എഫ്‌ സംസ്ഥാന ഭാരവാഹികളെ നിയമിച്ചത്‌. നിയമനപട്ടികയിൽ യൂത്ത്‌ കോൺഗ്രസ്‌, കെഎസ്‌യു നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്‌.


നിയമനം സംബന്ധിച്ച്‌ മന്ത്രി കെ എം ഷാജിയുടെ ഓഫീസിൽനിന്നുള്ള ഉത്തരവ്‌ പുറത്തായി. വകുപ്പ് മന്ത്രിയുടെ ഓഫീസിൽനിന്ന് നൽകിയ ലിസ്റ്റ് പ്രകാരം എംഎസ്‌എഫ്‌ സംസ്ഥാന ട്രഷറർ മുഹമ്മദ്‌ റാഷിദ്‌, ജില്ലാ പ്രസിഡന്റ്‌ ടി കെ ഷെഫീക് എന്നിവരെ കോഓർഡിനേറ്റർ തസ്തികയിൽ നിയമിച്ചു. അഭിമുഖമോ വിജ്ഞാപനമോ ഔദ്യോഗിക നടപടിക്രമങ്ങളോ ആവശ്യമായ യോഗ്യതകളോ പാലിച്ചില്ലെന്ന്‌ ആക്ഷേപമുണ്ട്‌.


എംഎസ്എഫ്‌ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന മുഹമ്മദ്‌ മുസ്‌തഫ, കാസർകോട്‌ ജില്ലാ സെക്രട്ടറി മുഹമ്മദ്‌ ഷാനിദ്‌, മലപ്പുറം ജില്ലാ സെക്രട്ടറി സലാവുദീൻ, കൊയിലാണ്ടി മണ്ഡലം സെക്രട്ടറി റാഷിദ്‌, തൃശൂരിലെ വനിതാ ലീഗ്‌ ഭാരവാഹികളായ വിൻസിയ, ഫ‍ൗസിയ എന്നിവരും കെഎസ്‌യു, യൂത്ത്‌ കോൺഗ്രസ്‌ ഭാരവാഹികളും പട്ടികയിലുണ്ട്‌. 25,000 മുതൽ 50,000 രൂപവരെ ശന്പളം ലഭിക്കുന്ന തസ്‌തികകളാണിത്.


കിലയുടെ ആർജിഎസ്എ പദ്ധതിക്ക് കീഴിൽ 10 വർഷമായി സേവനമനുഷ്ഠിക്കുന്ന 20 താൽക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ജീവനക്കാർ അനുകൂലവിധി നേടി. പദ്ധതി തീരുന്ന സമയംവരെ ജീവനക്കാർക്ക് ജോലിയിൽ തുടരാമെന്ന ഹൈക്കോടതി വിധി നിലനിൽക്കെ 20 പേരെ നിയമിക്കാനാണ് മന്ത്രിയുടെ ഓഫീസ് ലിസ്‌റ്റ്‌ തയ്യാറാക്കിയത്‌.


തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഭരണനിർവഹണത്തെക്കുറിച്ചും വികസനപദ്ധതികളെക്കുറിച്ചും ബോധവൽക്കരിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും അതത്‌ മേഖലകളിലെ വിദഗ്‌ധരെയാണ്‌ കിലയിൽ നിയമിക്കാറുള്ളത്‌. ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ ജോലിക്കായി നെട്ടോട്ടമോടുമ്പോഴാണ് ഇഷ്ടക്കാരെ രാഷ്ട്രീയ താൽപ്പര്യംവച്ച് തിരുകിക്കയറ്റുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home