ഇടുക്കി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾക്ക് നിയന്ത്രണം; പുതിയ കെട്ടിടം പ്രവർത്തനസജ്ജമായില്ല

ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിലെ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ശസ്ത്രക്രിയകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. ഓപ്പറേഷൻ തിയേറ്റർ ഭാഗികമായി അടച്ചാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.
ഇതിന്റെ ഭാഗമായി ജൂലൈ ഒന്ന് മുതൽ ശസ്ത്രക്രിയകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ നിർദേശം നൽകി. അടിയന്തര ശസ്ത്രക്രിയകൾ വേണ്ടി വരുന്ന രോഗികളെ എറണാകുളം, കോട്ടയം മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യേണ്ടി വരുമെന്നാണ് വിവരം.
പഴയ കെട്ടിടത്തിലാണ് നിലവിൽ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിലെ പാനലിംഗ് ജോലികൾ, വയറിംഗ്, ഓക്സിജൻ കണക്ഷൻ എന്നിവ ഇനിയും പൂർത്തിയാകാനുണ്ട്.
ബ്ലോക്ക് നമ്പർ 2-ൽ വൈദ്യുതി ഉൾപ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാത്തതിനാൽ കെട്ടിടം പൂർണ്ണമായും പ്രവർത്തന രഹിതമാണെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
നിർമ്മാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓപ്പറേഷൻ തിയേറ്റർ സമുച്ചയം രോഗികൾക്ക് പ്രയോജനപ്പെടാത്തത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. അടിയന്തര ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ രോഗികളെയാണ് ഈ സ്ഥിതി കൂടുതൽ ദുരിതത്തിലാക്കുന്നത്.










0 comments