print edition പ്രദർശന ചിത്രങ്ങളിൽ അവ്യക്തത: പ്രതിസന്ധിയൊഴിയാതെ ഐഡിഎസ്‌എഫ്‌എഫ്‌കെ; വെള്ളിയാഴ്‌ച തുടക്കം

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിക്ക് ചെയർമാനില്ലാതെയും എത്ര ഡോക്യുമെന്ററി, ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കാമെന്നതിൽ വ്യക്തതയില്ലാതെയുമുള്ള പ്രതിസന്ധികൾക്കിടയിൽ ഐഡിഎസ്‌എഫ്‌എഫ്‌കെയ്ക്ക് വെള്ളിയാഴ്‌ച തുടക്കം.
യുഡിഎഫ് സർക്കാർ അധികാരമേറ്റ് നാലുമാസം പിന്നിടുന്പോഴും ചലച്ചിത്ര അക്കാദമി, ലളിതകലാ അക്കാദമി, സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി തുടങ്ങി മുപ്പതോളം സ്ഥാപനങ്ങളുടെ തലപ്പത്ത് ആളെ നിയമിച്ചിട്ടില്ല. രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേള ആരംഭിക്കുംമുന്പ് ചലച്ചിത്ര അക്കാദമിക്ക് ചെയർമാനെ കണ്ടെത്താനുള്ള മന്ത്രി പി സി വിഷ്‌ണുനാഥിന്റെ ശ്രമം വൃഥാവിലായി. ബ്ലെസി, സത്യൻ അന്തിക്കാട്, എം രഞ്ജിത്ത്, ജഗദീഷ് എന്നിവരെ ബന്ധപ്പെട്ടെങ്കിലും സിനിമാത്തിരക്കെന്നുപറഞ്ഞ് ബുദ്ധിമുട്ടറിയിച്ചു. ഉറപ്പുപാലിക്കാൻ മന്ത്രിക്ക് മുന്നിലുള്ളത് രണ്ടു ദിവസംമാത്രം.
മേളയിലേക്ക് ഒൗദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട 347ൽ 31 ചിത്രങ്ങൾക്ക് കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ചു. വിഷയത്തിൽ കേന്ദ്രം നൽകിയ തെറ്റായ വിശദീകരണത്തിനെതിരെ പ്രതികരിക്കാൻ അക്കാദമിക്ക് നാഥനില്ല. മന്ത്രിയും മിണ്ടിയിട്ടില്ല.
കോൺഗ്രസും യുഡിഎഫ് ഘടകകക്ഷികളും തമ്മിലുള്ള വടംവലിയാലാണ് പുതിയ മേധാവികളെ നിശ്ചയിക്കാനാകാത്തത്. ഭരണസമിതിയില്ലാത്തതിനാൽ പ്രവർത്തനങ്ങളാകെ സ്‌തംഭിച്ചു. താൽക്കാലിക ഭരണനിർവഹണ ചുമതല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നൽകിയെങ്കിലും ഇവർക്ക് നയപരമായ തീരുമാനങ്ങളെടുക്കാനോ ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യാനോ ആകില്ല.
ഡെലിഗേറ്റ് കിറ്റ് വിതരണം ഇന്ന്
തിരുവനന്തപുരം: 18–ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ഡെലിഗേറ്റ് കിറ്റ് വിതരണം ബുധനാഴ്‌ച കൈരളി തിയറ്ററിൽ നടക്കും. പകൽ 11.30ന് മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. 25 മുതൽ 30 വരെ കൈരളി, ശ്രീ, നിള തിയറ്ററുകളിലാണ് മേള. https://registration.iffk.in ൽ രജിസ്റ്റർചെയ്യാം. പൊതുവിഭാഗത്തിന് 590 രൂപയും വിദ്യാർഥികൾക്ക് 354 രൂപയുമാണ് ഫീസ്. കൈരളി തിയറ്ററിൽ ഡെലിഗേറ്റ് സെൽവഴി നേരിട്ടും രജിസ്ട്രേഷൻ ചെയ്യാം.









0 comments