ആവിഷ്കാര സ്വാതന്ത്ര്യ നിഷേധത്തിന്‍റെ നേര്‍ച്ചിത്രമായി ഐഡിഎസ്‌എഫ്‌എഫ്‌കെ; വിവാദ നിഴലിൽ മേളയ്‌ക്ക് നാളെ തിരശീല വീഴും

തിരുവനന്തപുരം: ആവിഷ്കാര സ്വാതന്ത്ര്യ നിഷേധത്തിന്‍റെ നേര്‍ച്ചിത്രമായി പതിനെട്ടാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയ്‌ക്ക് (ഐഡിഎസ്‌എഫ്‌എഫ്‌കെ) നാളെ തിരശ്ശീല വീഴും. ലോകത്തിന്റെ വിവിധ കോണുകളിൽനിന്നെത്തിയ സ്വതന്ത്ര ആശയങ്ങളെയും നിലപാടുകളെയും കേന്ദ്രം വെട്ടിനിരത്തിയപ്പോൾ യുഡിഎഫ് സർക്കാർ അതിന് കുടപിടിച്ചു. മേളയുടെ സംഘാടനത്തിൽ യുഡിഎഫ് സർക്കാർ കാണിച്ച നിരുത്തരവാദപരമായ സമീപനം സാംസ്കാരിക കേരളത്തിന് കനത്ത അപമാനമായി. സെൻസർഷിപ്പിന്റെ പേരിൽ സർഗാത്മക സ്വാതന്ത്ര്യത്തിന് മേൽ കേന്ദ്ര സർക്കാർ നടത്തിയ കടന്നുകയറ്റവും, അത് ചോദ്യം ചെയ്യാൻ മടിച്ച യുഡിഎഫ് ഭരണകൂടത്തിന്റെ നിലപാടില്ലായ്മയുമാണ് ഇത്തവണ മേളയെ ആദ്യാവസാനം വിവാദത്തിലാക്കിയത്.
കേന്ദ്ര വാർത്താവിതരണ മന്ത്രാലയം വിലക്കേർപ്പെടുത്തിയ 31 ചിത്രങ്ങളിൽ 24 എണ്ണത്തിന് മേളയുടെ നാലാം ദിവസമാണ് പ്രദർശനാനുമതി നൽകിയത്. എന്നാൽ എട്ട് ചിത്രങ്ങൾക്ക് അന്ത്യം വരെ അനുമതി നിഷേധിക്കപ്പെട്ടു. ഭൂഖണ്ഡങ്ങൾ കടന്നെത്തിയ പ്രഗത്ഭരായ ചലച്ചിത്രകാരന്മാരുടെ വ്യത്യസ്ത രാഷ്ട്രീയ-സാമൂഹിക നിലപാടുകളെ ഭയന്നുള്ള ഈ വെട്ടിനിരത്തലിൽ പ്രതിഷേധിച്ച് ഒരു വിഭാഗം ചലച്ചിത്ര പ്രവർത്തകർ അവാർഡുകൾ നിരസിച്ചു. കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കിയ സംഘാടകർക്കുള്ള കനത്ത മുന്നറിയിപ്പായി ഈ അവാർഡ് ബഹിഷ്കരണം മാറി.
അവസാന നിമിഷത്തെ നിയമനം; സംഘാടക പരാജയം
മേളയുടെ ചരിത്രത്തിലില്ലാത്ത വിധം, ഉദ്ഘാടന ദിവസം മാത്രമാണ് അക്കാദമിക്ക് ചെയർമാനെ പോലും നിയമിക്കാൻ സർക്കാർ തയ്യാറായത്. മുൻകൂട്ടി കൃത്യമായ ആസൂത്രണമോ മുന്നൊരുക്കങ്ങളോ നടത്താതെയാണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ഒരു മേളയെ സർക്കാർ കൈകാര്യം ചെയ്തത്. ചലച്ചിത്ര മേളയെ തികഞ്ഞ അലസതയോടെ നേരിട്ട യുഡിഎഫ് സർക്കാർ, കേന്ദ്രത്തിന്റെ സാംസ്കാരിക കടന്നുകയറ്റങ്ങൾക്കെതിരെ ചെറുവിരലനക്കാൻ പോലും തയ്യാറായില്ല. അഭിപ്രായസ്വാതന്ത്ര്യത്തിനും സർഗാത്മകതയ്ക്കും മേലുള്ള കടന്നുകയറ്റങ്ങൾക്കെതിരെ ചലച്ചിത്രപ്രവർത്തകരുടെ കനത്ത പ്രതിഷേധത്തോടെയാണ് ഇത്തവണത്തെ ഐഡിഎസ്‌എഫ്‌എഫ്‌കെയ്ക്ക് തിരിതാഴുത്.
ആശയങ്ങളെയും നിലപാടുകളെയും തിരസ്‌കരിച്ച മേള
ഡിസംബറിൽ നടക്കുന്ന ഐഎഫ്‌എഫ്‌കെയിലും കേന്ദ്രവിലക്ക് തുടരുമോയെന്ന ആശങ്കയുണ്ട്. കഴിഞ്ഞ മേളയിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ചിത്രം വിലക്കിയെങ്കിലും പ്രദർശിപ്പിക്കാനുള്ള ധീരത സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നു. യുഡിഎഫ് സർക്കാരിൽനിന്ന് അതുണ്ടാകാത്തത് ചലച്ചിത്രപ്രേമികളെ നിരാശരാക്കി. ജാതിവ്യവസ്ഥ, ഗാസ യുദ്ധം, ശുചീകരണത്തൊഴിലാളികളുടെ ജീവിതം തുടങ്ങിയവ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണ് ഒഴിവാക്കിയത്.
മേളയുടെ ആവേശത്തെ കെടുത്തുന്ന നയങ്ങൾക്കെതിരെ പോരാടണമെന്നാണ് സിനിമയെ ഗൗരവമായി കാണുന്നവരുടെ അഭിപ്രായം. പ്രദർശനാനുമതി ലഭിച്ച ചിത്രങ്ങളടക്കം 61 എണ്ണം ചൊവ്വാഴ്‌ച പ്രദർശിപ്പിക്കും. മത്സരവിഭാഗത്തിന് പുറമെ ഫോക്കസ്, മലയാളം, ഇന്റർനാഷണൽ ഫിക്‌ഷൻ, ഇന്റർനാഷണൽ നോൺ ഫിക്‌ഷൻ, ക്യാമ്പസ് ഫിലിംസ്, അനിമേഷൻ, ജൂറി, ഹോമേജ്, ഫെസ്റ്റിവൽ വിന്നേഴ്സ് തുടങ്ങിയ വിഭാഗങ്ങളിലെ ചിത്രങ്ങളുണ്ടാകും.
ദി ലാസ്റ്റ് ഗോഡ്, ടെക്നോകാറ്റ്സ്, ഗോയിങ് സോളോ, ഉപ്പുവീടുകൾ, വെൻ ദി സെന്റൻസ് എൻഡ്സ്, ഹോം ഈസ് വെയർ ഐ ഡൈഡ്, കവർ-അപ്, സൈലൻസ്ഡ്, ടേബിൾ ഫോർ 2, വാം ഷാഡോസ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. വൈകിട്ട് ഏഴിന് ബാവുൾ ഗായിക ശാന്തിപ്രിയയുടെ സംഗീതപരിപാടി അരങ്ങേറും.
7 ചിത്രങ്ങൾക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതെ കേന്ദ്രം
കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയിൽ (-ഐഡിഎസ്എഫ്എഫ്കെ) പ്രദർശിപ്പിക്കാനിരിക്കുന്ന ചില ചിത്രങ്ങൾക്ക് സെൻസർ സർട്ടിഫിക്കറ്റ് അനുവദിച്ചില്ല. ഫിലിം സർട്ടിഫിക്കേഷൻ മാർഗനിർദേശങ്ങളിൽ കേന്ദ്രസർക്കാരിന് ഇളവനുവദിക്കാനുള്ള വ്യവസ്ഥകൾപ്രകാരം 347 ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും സമർപ്പിരുന്നു. ഇതിൽ ഒരെണ്ണം പിൻവലിക്കുകയും ബാക്കിയുള്ള 346 എണ്ണത്തിൽ ആദ്യഘട്ടത്തിൽ 315 എണ്ണത്തിനുമാത്രമാണ് അനുമതി ലഭിച്ചത്. ശേഷിക്കുന്ന 31ൽ 24 എണ്ണത്തിനുകൂടി പിന്നീട് അനുമതി ലഭിച്ചു. ബാക്കി ഏഴ് ചിത്രങ്ങൾക്കാണ് സെൻസർ അനുമതി ലഭിക്കാതിരുന്നത്.
25ന് തിരുവനന്തപുരത്ത് ആരംഭിച്ച മേള 30നാണ് സമാപിക്കുക. ആവശ്യപ്പെട്ട രേഖകൾ സമർപ്പിച്ചിട്ടും കാരണം കാട്ടാതെയാണ് അനുമതി നിഷേധിച്ചത്. അനുമതി നൽകാത്ത ആറ് ഹൃസ്വ ചിത്രങ്ങൾ ആഭ്യന്തര മന്ത്രാലയത്തിൻറെയും ഒരെണ്ണം വിദേശകാര്യ മന്ത്രാലയത്തിൻറെയും പരിഗണനക്ക് അയച്ചെന്നായിരുന്നു കേന്ദ്ര സർക്കാറിൻറെ വിശദീകരണം. ഉള്ളടക്കവുമായി ബന്ധപ്പെട്ട് സംശയമുള്ളതിനാൽ അഭിപ്രായം തേടിയാണ് ഇവ അയച്ചിട്ടുള്ളതെന്നും വ്യക്തമാക്കി.
വിമർശനം ഭയക്കുന്നു; ആവിഷ്‌കാരങ്ങൾക്ക് വിലങ്ങിടുന്നു
മതവും അന്ധവിശ്വാസവും കൊടുന്പിരിക്കൊണ്ടിരുന്ന കാലത്തുപോലും ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടായിരുന്നെന്നും വിമർശമുൾക്കൊള്ളാൻ പുതിയകാലത്തെ ഭരണകൂടത്തിന് കഴിയുന്നില്ലെന്നും ചലച്ചിത്ര ചരിത്രകാരൻ ആശിഷ് രാജാ ധ്യക്ഷ. ഡോക്യുമെന്ററികളുടെ സെൻസർഷിപ് രീതികളെ ഗൗരവമായി കാണണം. ഡോക്യുമെന്ററി പ്രവർത്തകർ അഭിമുഖീകരിക്കുന്ന പ്രായോഗിക ബുദ്ധിമുട്ട് വിശദീകരിച്ച് നടന്ന പ്രഭാഷണ പരിപാടിയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. ഡോക്യുമെന്ററി സിനിമകളുടെ വികാസപരിണാമത്തെക്കുറിച്ചും സിനിമകൾ മുന്നോട്ടുവയ്‌ക്കുന്ന യാഥാർഥ്യങ്ങളെപ്പറ്റിയും സംസാരിച്ചു. സിനിമ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട നിയമചരിത്രവും പ്രഭാഷണത്തിൽ വിഷയമായി. മുഖ്യധാരാ സിനിമകളെപ്പോലെ ഡോക്യുമെന്ററി തിയറ്ററുകളിൽ പ്രദർശിപ്പിക്കണമെന്ന് മീറ്റ് ദി ഡയറക്ടർ സെഷനിൽ സംവിധായകൻ ജോൺസൺ മെയ്റ്റി ലൈമുജം. ഡോക്യുമെന്ററികളുടെ പ്രാധാന്യം, ഉള്ളടക്കം കൂടുതൽ ജനപ്രിയമാക്കുന്ന ചിത്രീകരണ രീതികൾ എന്നിവ ചർച്ചയായി









0 comments