ഇടവപ്പാതി പിൻവാങ്ങി ; തുലാവർഷം തുടങ്ങി

തിരുവനന്തപുരം
തെക്ക് പടിഞ്ഞാറൻ കാലവർഷം(ഇടവപ്പാതി) രാജ്യത്ത് നിന്ന് പൂർണമായി പിൻവാങ്ങി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വടക്ക് കിഴക്കൻ കാലവർഷ(തുലാവർഷം)ത്തിന് തുടക്കമായതായും കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ ഉച്ചക്ക് ശേഷം ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ലഭിക്കും.
തെക്ക് പടിഞ്ഞാറൻ കാലവർഷം പ്രതീക്ഷിച്ചതിലും നേരത്തെയാണ് എത്തിയത്. വളരെ വേഗം രാജ്യത്താകെ വ്യാപിച്ചു. നാല് മാസം നീണ്ട കാലവർഷക്കാലത്ത് രാജ്യത്ത് 937.2 മില്ലീമീറ്റർ മഴ ലഭിച്ചു. എട്ടു ശതമാനം അധികമഴ. വടക്ക് പടിഞ്ഞാറൻ മേഖലയിൽ 27 ശതമാനം മഴ രേഖപ്പെടുത്തി. അറബിക്കടലിൽ ന്യൂനമർദ്ദ മേഖല നിലനിൽക്കുന്നതിനാൽ കേരളത്തിൽ വരുന്ന രണ്ടു ദിവസം കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
9 ജില്ലയിൽ മഞ്ഞ അലർട്ട്
തിരുവനന്തപുരം
സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന മഴ നാല് ദിവസത്തേക്കുകൂടി ലഭിക്കും.
മഴ ശക്തമായതോടെ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് കലാവസ്ഥ വകുപ്പ് അറിയിച്ചു. തുലാവർഷക്കാറ്റിന്റെയും അറബിക്കടലിലെ ചക്രവാതച്ചുഴിയുടെയും സ്വാധീനത്തിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നത്. മധ്യ തെക്കൻ കേരളത്തിലാണ് മഴ. ഇതിൽ മലയോര മേഖലകളിലാണ് കൂടുതൽ മഴ. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. മഴയൊടൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. കേരള തീരത്ത് മത്സ്യബന്ധനം പാടില്ല.









0 comments