ഡോൾഫിനുകളുടെ ഇണചേരൽദൃശ്യം പകർത്തി ഗവേഷകർ

കൊച്ചി
ഹംപ് ബാക്ക് (കൂനൻ) ഡോൾഫിനുകളുടെ ഇണചേരൽ രാജ്യത്ത് ആദ്യമായി ഡ്രോൺ കാമറയിൽ പകർത്തി ഐസിഎആർ–സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്)യിലെ ഗവേഷകർ. 2024–25ൽ കൊച്ചി തീരക്കടലിൽ നടത്തിയ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പര്യവേക്ഷണത്തിൽ നാല് ഡോൾഫിനുകൾ അടങ്ങുന്ന കൂട്ടത്തെ ഗവേഷണസംഘം കണ്ടെത്തി.
ഇണചേരലും അതിനുമുന്നോടിയായുള്ള സ്വഭാവസവിശേഷതകളും അടങ്ങുന്ന മൂന്നു മിനിറ്റ് വീഡിയോ പഠനത്തിന് വിധേയമാക്കി. 24 മുതൽ 29 സെക്കൻഡുവരെ നീളുന്ന ഇണചേരലും അനുബന്ധ ചലനങ്ങളും പരിശോധിച്ച് വിശകലനം ചെയ്തു. സാധാരണയായി ഒന്നോ അതിലധികം ചാക്രിക രീതിയിലുള്ള പ്രത്യേക നീന്തൽ നടത്തിയാണ് ഹംപ് ബാക്ക് ഡോൾഫിനുകൾ ഇണചേരുന്നത്. അത്തരത്തിലുള്ള ഒരു പൂർണചക്രം ഗവേഷകർക്ക് കാമറയിൽ പകർത്താനായി.
ഹംപ് ബാക്ക് ഡോൾഫിനുകൾ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ റെഡ് ലിസ്റ്റിൽ വംശനാശഭീഷണി നേരിടുന്നവയാണ്.
ഇൗ ഡോൾഫിനുകളുടെ സാമൂഹിക പ്രജനന പെരുമാറ്റ സ്വഭാവത്തെപ്പറ്റി വരുംകാല പഠനത്തിന് നിർണായക പങ്കുവഹിക്കുമെന്ന് സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ പറഞ്ഞു. ഡ്രോൺവഴിയുള്ള പഠനത്തിൽ, കടൽ സസ്തനികളുടെ സ്വാഭാവിക പെരുമാറ്റത്തെ ബാധിക്കാതെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽനിന്നുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സീനിയർ സയന്റിസ്റ്റ് ഡോ. കെ കെ പ്രജിത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷണസംഘത്തിൽ ഡോ. പരസ് നാഥ് ജാ, ഡോ. റിതിൻ ജോസഫ്, ഡോ. ദിജു ദാസ്, ഋഷികേശ്, ഇമ്മാനുവൽ, അബു താഹിർ ഷാ എന്നിവരും ഉണ്ടായിരുന്നു.










0 comments