ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു; വിനോദസഞ്ചാരികളെ സുരക്ഷിതമായി കരയിലേക്ക് മാറ്റി

ആലപ്പുഴ: പുന്നമട സ്റ്റാർട്ടിങ് പോയിന്റിന് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു. അപകടത്തിൽ ആളപായമില്ല. ഓൾ സീസൺ എന്ന ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. ബോട്ടിലുണ്ടായിരുന്ന രണ്ട് വിനോദസഞ്ചാരികളെ സുരക്ഷിതമായി കരയിലേക്ക് മാറ്റി. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.
കഴിഞ്ഞ ദിവസം കാവനാട് മുക്കാട് പള്ളിക്കുസമീപം മഠത്തിൽ കായൽവാരത്ത് മീൻപിടിത്തം കഴിഞ്ഞ് കരയിൽ കെട്ടിയിരുന്ന രണ്ട് ബോട്ട് തീപിടിച്ചിരുന്നു. ഒരു കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി പ്രാഥമിക വിവരം. രണ്ട് ബോട്ടും പൂർണമായും കത്തിനശിച്ചു. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടുപേർക്ക് നിസ്സാരമായി പൊള്ളലേറ്റു.
ആന്ധ്ര സ്വദേശികളായ രാജു, അശോക് എന്നിവരുടെ കൈകൾക്ക് ഉൾപ്പെടെയാണ് പൊള്ളലേറ്റത്. ബോട്ടിലെ ഇതരസംസ്ഥാനക്കാരായ തൊഴിലാളികൾ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുന്നതിനിടെ തീപടർന്നതായാണ് നിഗമനം. നാല് ബോട്ടാണ് കരയിൽ കെട്ടിയിട്ടിരുന്നത്. തീപിടിച്ച രണ്ട് ബോട്ടും തൊഴിലാളികൾ കെട്ടഴിച്ചുവിട്ടതിനാൽ മറ്റ് രണ്ട് ബോട്ടുകളിലേക്ക് തീപടർന്നില്ല. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ കായലിൽ ചാടി രക്ഷപ്പെടുകയായിരുന്നു.










0 comments