ഹോട്ടൽ ലിഫ്റ്റിൽ കുടുങ്ങിയ യാത്രക്കാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പ്രതീകാത്മക ചിത്രം
മൂവാറ്റുപുഴ: ഹോട്ടലിലെ ലിഫ്റ്റിൽ രണ്ടു മണിക്കൂറോളം കുടുങ്ങിക്കിടന്നയാളെ മൂവാറ്റുപുഴ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇടുക്കി രാജാക്കാട് പറയിൽ തോട്ടത്തിൽ ജോബി അഗസ്റ്റിനെ (46) യാണ് രക്ഷപ്പെടുത്തിയത്. മൂവാറ്റുപുഴ കച്ചേരിത്താഴത്തുള്ള ഹോട്ടലിലാണ് സംഭവം. തിങ്കളാഴ്ച രാത്രി 11 മണിയോടെ ലിഫ്റ്റിൽ കുടുങ്ങിയ ഇയാളെ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് പുറത്തെത്തിച്ചത്.
വാഹന കച്ചവട ആവശ്യത്തിനായി മൂവാറ്റുപുഴയിൽ എത്തിയതായിരുന്നു ജോബി. രാത്രി ഹോട്ടൽ മുറിയിലേക്ക് പോകുന്നതിനിടെ ലിഫ്റ്റ് പ്രവർത്തനരഹിതമായി ഇയാൾ കുടുങ്ങുകയായിരുന്നു. ജോബി ലിഫ്റ്റിൽ കുടുങ്ങിയ വിവരം ഹോട്ടൽ അധികൃതർ അറിഞ്ഞിരുന്നില്ല. പിന്നീട് എറണാകുളത്തുള്ള സഹോദരി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ജോബി വിവരം പറയുന്നത്. തുടർന്ന് വിവരമറിഞ്ഞ് മൂവാറ്റുപുഴ അഗ്നിരക്ഷാസേന സ്ഥലത്തെത്തി ലിഫ്റ്റ് തുറന്ന് ഇയാളെ പുറത്തെടുക്കുകയായിരുന്നു. ജോബിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു.










0 comments