ad
Deshabhimani

ചരിത്രനേട്ടവുമായി കെഎഫ്സി: അറ്റാദായം 110.73 കോടി രൂപ; വായ്പാ ആസ്തി 9,000 കോടി കടന്നു

kfc.JPG
വെബ് ഡെസ്ക്

Published on May 27, 2026, 02:27 PM | 2 min read

തിരുവനന്തപുരം: 73 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി). സാമ്പത്തിക വർഷത്തിൽ 110.73 കോടി രൂപയുടെ അറ്റാദായം നേടിയാണ് കെഎഫ്സി റെക്കോർഡ് സൃഷ്ടിച്ചത്. മുൻ സാമ്പത്തിക വർഷത്തെക്കാൾ 12.81 ശതമാനം വർധനവാണ് ലാഭത്തിൽ ഉണ്ടായിരിക്കുന്നത്. വർധിച്ച വായ്പാ വിതരണവും മെച്ചപ്പെട്ട രീതിയിൽ ആസ്തി കൈകാര്യം ചെയ്തതുമാണ് ഈ പ്രകടനത്തിന് കരുത്തേകിയത്.


കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായമേഖലയെയും വ്യാവസായിക വികസനത്തെയും ശക്തിപ്പെടുത്തുന്നതിൽ കോർപ്പറേഷനുള്ള പങ്ക് ഇത് ഊട്ടിയുറപ്പിക്കുന്നു. ഈ വളർച്ചയ്ക്ക് അനുസൃതമായി, കെഎഫ്സിയുടെ ആകെ വായ്പാ ആസ്തി 9,000 കോടി പിന്നിട്ടു. മുൻ വർഷത്തെ 8,011.99 കോടി രൂപയിൽ നിന്നും 9,080.65 കോടി രൂപയായാണ് ഉയർന്നത്. ഈ കാലയളവിൽ കോർപ്പറേഷൻ 4,532.11 കോടി രൂപയുടെ വായ്പകൾക്ക് അനുമതി നൽകുകയും 5,628.69 കോടി രൂപ വിതരണം ചെയ്യുകയും 5,389.37 കോടി രൂപ തിരിച്ചുപിടിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഈ സാമ്പത്തിക വർഷത്തെ പ്രവർത്തനഫലം പ്രഖ്യാപിക്കുന്ന ആദ്യത്തെ പൊതുമേഖലാ സ്ഥാപനമാണ് കെഎഫ്സി.


കോർപ്പറേഷൻ്റെ അറ്റമൂല്യം (Net worth) മുൻവർഷത്തെ 1,328.35 കോടി രൂപയിൽ നിന്ന് 1,513.13 കോടി രൂപയായി വർധിക്കുകയും മൂലധന പര്യാപ്തതാ അനുപാതം (CRAR) റിസർവ് ബാങ്ക് നിഷ്കർഷിച്ചിട്ടുള്ളതിനേക്കാൾ വളരെ കൂടുതലായി 30.70 ശതമാനത്തിലെത്തുകയും ചെയ്തു. ഇത് കെഎഫ്സിയുടെ മൂലധനകരുത്തിൻ്റെയും ഭാവിയിൽ കൂടുതൽ വായ്പകൾ നൽകാനുള്ള ശേഷിയുടെയും സൂചകങ്ങളാണ്.

കെഎഫ്സിയുടെ ആസ്തി ഗുണനിലവാരസൂചികകളിലും ശ്രദ്ധേയമായ പുരോഗതിയാണുണ്ടായിരിക്കുന്നത്. മൊത്തം നിഷ്‌ക്രിയ ആസ്തി 2.67 ശതമാനത്തിൽ നിന്നും 2.32 ശതമാനമായും, അറ്റ നിഷ്‌ക്രിയ ആസ്തി (Net NPA) 0.61 ശതമാനത്തിൽ നിന്നും 0.43 ശതമാനമായും കുറഞ്ഞു. കർശനമായ വായ്പാ മൂല്യനിർണ്ണയ സംവിധാനങ്ങളിലൂടെയും കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനുള്ള കാര്യക്ഷമമായ നടപടികളിലൂടെയുമാണ് ഇത് സാധ്യമായത്.


2025–26 സാമ്പത്തിക വർഷത്തിലെ കെഎഫ്സിയുടെ റെക്കോർഡ് പ്രകടനം, സ്ഥാപനത്തിന്റെ മികച്ച സാമ്പത്തിക അച്ചടക്കം, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, കേരളത്തിന്റെ വ്യാവസായിക സംരംഭക വികസനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയാണ് വ്യക്തമാക്കുന്നതെന്ന് കെഎഫ്സി മാനേജിംഗ് ഡയറക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു. സുതാര്യമായ വായ്പാ വിതരണം, സാങ്കേതിക വിദ്യാധിഷ്ഠിതമായ പ്രവർത്തനങ്ങൾ, മികച്ച ആസ്തി കൈകാര്യം എന്നിവയിലുള്ള കോർപ്പറേഷൻ്റെ നിരന്തരമായ ശ്രദ്ധയാണ്, സാമ്പത്തിക അടിത്തറ കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ സുസ്ഥിരമായ വളർച്ച കൈവരിക്കാൻ കെ എഫ് സിയെ പ്രാപ്തരാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home