ad
Deshabhimani

print edition സംസ്ഥാനത്ത് ഉയർന്ന അൾട്രാ വയലറ്റ് സൂചിക: ചൂട് തുടരും; മഴയ്ക്കും സാധ്യത

heat rises
വെബ് ഡെസ്ക്

Published on Apr 13, 2026, 12:00 AM | 1 min read

തിരുവനന്തപുരം : ‍സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ അൾട്രാ വയലറ്റ് സൂചിക എട്ട് യുവി രേഖപ്പെടുത്തി. ചൂടിന്റെ തീവ്രതയിൽ ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലർട്ടും പുറപ്പെടുവിച്ചു.


രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖല പ്രദേശങ്ങൾ, ജലാശയം, മണൽ പ്രതലങ്ങൾ എന്നിവിടങ്ങളിൽ യുവി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും യുവി സൂചിക ഉയരും.


സംസ്ഥാനത്ത് ഇനിയും ചൂട് കൂടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. ചൊവ്വാഴ്ച വരെ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കും. പത്തനംതിട്ടയിൽ 36 ഡിഗ്രി സെൽഷ്യസ് ആയേക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു.


ചൂടും അന്തരീക്ഷ ഇ‍ൗർപ്പവും; ഫലങ്ങൾ കൊഴിയുന്നു


തൃശൂർ : ചൂടിനൊപ്പം അന്തരീക്ഷത്തിൽ ഇ‍ൗർപ്പം കൂടിയത്‌ കൃഷിക്ക്‌ ദോഷമാകുന്നു. ഇ‍ൗർപ്പം കൂടിയതിനാൽ കീടശല്യം വർധിച്ച് ഫലങ്ങൾ കൊഴിഞ്ഞുപോകുകയാണ്‌. രാത്രിയും പകലും താപനില ഉയരുന്നതിനാൽ ഇ‍ൗർപ്പം 91 ശതമാനംവരെ ഉയരുന്നു. ഇത്‌ സസ്യജാലങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.


ചൂടും ഇ‍ൗർപ്പവും കൂടുന്നത്‌ തെങ്ങിൽ പൂവിടുന്ന സമയത്ത്‌ മച്ചിങ്ങ കൊഴിയാനിടയാക്കുമെന്ന്‌ കാർഷിക സർവകലാശാല വെള്ളാനിക്കര കാർഷിക കോളേജിലെ കാലാവസ്ഥാ വിഭാഗം മേധാവി ഡോ. ബി അജിത്‌കുമാർ പറഞ്ഞു. മാവിലകളും കണ്ണിമാങ്ങകളും കൊഴിയുന്നു. കീടവ്യാപനത്തിനും സാധ്യതയുണ്ട്‌. ഇടയ്‌ക്ക്‌ പെട്ടെന്ന്‌ വേനൽമഴ ലഭിക്കുന്നതോടെ തുടർദിവസങ്ങളിൽ താപനില കൂടും. ജലസേചന മാർഗങ്ങൾ ശക്തിപ്പെടുത്തിയാലേ വേനൽക്കാലകൃഷിയെ സംരക്ഷിക്കാനാവൂ. കീടശല്യതതിന്‌ പരിഹാരവും കാണണം.


കാപ്പി, ഏലം കൃഷിയേയും ചൂട് കാര്യമായി ബാധിക്കും. ജലസേചന സ‍ൗകര്യങ്ങൾ കുറഞ്ഞ മേഖലകളിൽ വാഴ, തെങ്ങ്‌, കവുങ്ങ്‌, പച്ചക്കറി കൃഷികൾക്കും ചൂട്‌ വിനയാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home