റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുത്ത കേരള എൻസിസി കേഡറ്റുകൾക്ക് സ്വീകരണം നൽകി

തിരുവനന്തപുരം: ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത എൻസിസി കേഡറ്റുകൾക്ക് മന്ത്രി ഡോ. ആർ ബിന്ദു ഉജ്ജ്വലമായ സ്വീകരണം നൽകി. റിപ്പബ്ലിക്ക് ദിനത്തിൽ സാംസ്കാരിക പരിപാടിയുടെ പുനരാവിഷ്കാരവും, ബാൻഡ് ഡിസ്പ്ലേ റിപ്പബ്ലിക്ക് ദിന പരേഡിലും കർത്തവ്യ പഥ് മാർച്ചിലും പ്രധാന മന്ത്രിയുടെ റാലിയിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത 172 എൻസിസി കേഡറ്റുകൾക്കും കണ്ടിജന്റ് കമാൻഡർക്കുമാണ് മന്ത്രി സ്വീകരണം നൽകിയത്.
പാങ്ങോട് കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ 2025-26 വർഷത്തെ മികച്ച ഗ്രൂപ്പിനുളള ബാനർ പ്രസന്റേഷൻ, ക്യാഷ് അവാർഡ് വിതരണം, സമ്മാനദാനം എന്നീ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. മന്ത്രിയെ കേഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന യുവജനങ്ങളെ വാർത്തെടുക്കുന്നതിൽ എൻസിസി വലിയ പങ്കുവഹിക്കുന്നെന്ന് മന്ത്രി പറഞ്ഞു.
ജനുവരി ആദ്യവാരം മുതൽ 29 വരെ നടന്ന അഖിലേന്ത്യാ മത്സരങ്ങളിൽ കേരള എൻസിസി മികവ് പുലർത്തി. സീനിയർ വിങ്ങ് ബെസ്റ്റ് കേഡറ്റ് മത്സരത്തിൽ നേവൽ കേഡറ്റ്-1 കാദംബരി വിനോദിന് വെളളി മെഡൽ ലഭിച്ചു. ഡ്രസ്സേജിൽ സർജന്റ് ആൻറോസ് ജോണിന് വെളളി മെഡൽ ലഭിച്ചു. ബെസ്റ്റ് കേഡറ്റ് സീനിയർ വിങ് വിഭാഗത്തിൽ കോർപ്പറൽ അഡ്രിൻ ക്ലാരിസ് വി യ്ക്ക് വെങ്കല മെഡൽ ലഭിച്ചു. ടെന്റ് പെഗിംങ് മത്സരത്തിൽ സർജന്റ് ഇന്ദർ ജിത്തിന് വെങ്കല മെഡൽ ലഭിച്ചു. ബെസ്റ്റ് ബാൻഡ് ലീഡറായി അണ്ടർ ഓഫീസർ അശ്വിൻ സുബാഷിനെ തെരഞ്ഞെടുത്തു. എൻസിസി മേധാവിയുടെ കമന്റേഷൻ ഒരാൾക്കും കൂടാതെ ഏഴ് കേഡറ്റുകൾക്ക് മെഡലിയനും ലഭിച്ചു.18 കേരള ബറ്റാലിയൻ എൻസിസി. മൂവാറ്റുപുഴയിലെ സീനിയർ ഡിവിഷൺ ആൺ കുട്ടികൾക്കാണ് ബാൻഡ് അവതരിപ്പിയ്ക്കാൻ അവസരം ലഭിച്ചത്.
2025-26 വർഷത്തെ മികച്ച പ്രകടനം നടത്തുന്നവർക്ക് നൽകി വരുന്ന എൻസിസി ബാനർ ഈ വർഷം കൊല്ലം എൻസിസി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ലോകനാഥനും, മികച്ച രണ്ടാമത്തെ ഗ്രൂപ്പിനുളള അവാർഡ് കോഴിക്കോട് ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ആന്റണി ഗ്രോസിയും ഏറ്റു വാങ്ങി. സംസ്ഥാനത്തെ ബെസ്റ്റ് യൂണിറ്റിനുളള അവാർഡ് 18 കേരള എൻസിസി ബറ്റാലിയൻ മുവാറ്റുപുഴയുടെ കമാൻണ്ടിംഗ് ഓഫീസർ കേണൽ ആർ ശിവ രാമകൃഷ്ണൻ ഏറ്റുവാങ്ങി. സംസ്ഥാനത്തെ ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിനുളള സീനിയർ ഡിവിഷൻ/വിങിനുളള അവാർഡ് എംജി കോളേജ് തിരുവനന്തപുരത്തിന്റെ പ്രിൻസിപ്പൽ ഡോ. വി എം അനന്തകുമാർ ഏറ്റുവാങ്ങി. ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിനുളള ജൂനിയർ ഡിവിഷൻ/വിങ് സെന്റ് സെക്രട്ട് ഹാർട്ട് സിജിഎച്ച്എസ്എസ് തൃശ്ശൂരിന്റെ ഹെഡ്മിസ്ട്രസ് സിസ്റ്റർ വിൻസി വർഗീസ് ഏറ്റുവാങ്ങി. 2025-26 കാലഘട്ടത്തിലെ മികച്ച ഭരണനിർവഹണത്തിനുളള എൻസിസി ഗ്രൂപ്പുകളിൽ കോഴിക്കോട് ഗ്രൂപ്പിനെ തെരഞ്ഞെടുത്തു. അവാർഡ് കോഴിക്കോട് ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ആന്റണി ഗ്രോസി ഏറ്റു വാങ്ങി.
പരിപാടിയിൽ മേജർ ജനറൽ രമേഷ് ഷൺമുഖം, അഡീഷണൽ ഡയറക്ടർ ജനറൽ, ബ്രിഗേഡിയർ എ രാഗേഷ്, ഡിഡിജി എൻസിസി ഗ്രൂപ്പ് കമാൻഡർമാർ, കണ്ടിജന്റ് കമാൻഡർ കേണൽ ജയശങ്കർ ചൗധരി എന്നിവർ പങ്കെടുത്തു.










0 comments