ഉഷ്ണ തരംഗം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം

തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് നിലവിലുള്ള സാഹചര്യം വിലയിരുത്തുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. ശനിയാഴ്ച രാവിലെ 11 മണിക്കാണ് ഓൺലൈനായി യോഗം ചേരുക. മന്ത്രിമാരും ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
ചൂട് ക്രമാതീതമായി വർധിച്ചതിനുപിന്നാലെ സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയിരുന്നു. ചൂട് വർധിക്കുന്നതിനൊപ്പം അൾട്രാവയലറ്റ് വികിരണത്തോതും ഉയരുന്നത് ആശങ്കയുയർത്തുന്നുണ്ട്. പൊതുജനങ്ങൾക്കായി സുരക്ഷ മുൻകരുതലുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. പകൽ 11 മുതൽ 3 വരെയുള്ള സമയങ്ങളിൽ ശരീരത്തിൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ്, പാദരക്ഷകൾ എന്നിവ നിർബന്ധമായും ധരിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ലോക്ഡൗണിനു സമാനമായ ജാഗ്രത സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
ചൂട് കൂടിയതോടെ പല ജില്ലകളിലും ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും വേനൽ മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമുണ്ടാകുന്നില്ല. ചൂട് വർധിച്ചതോടെ സംസ്ഥാനത്തെ വെദ്യുതി ഉപഭോഗവും റെക്കോർഡിലെത്തി.










0 comments