Deshabhimani

"മരുന്നുക്ഷാമമില്ല, ആവശ്യത്തിലധികം സ്റ്റോക്കുണ്ട്, എല്ലാം മാധ്യമസൃഷ്ടി"; രോഗികൾ വലയുമ്പോഴും ന്യായീകരിച്ച് മന്ത്രി

k muraleedharan
വെബ് ഡെസ്ക്

Published on Oct 03, 2026, 12:03 PM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളടക്കം പ്രതിസന്ധിയിൽ തുടരുമ്പോഴും മരുന്നുക്ഷാമമില്ലെന്ന് ആവർത്തിച്ച് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. ആവശ്യത്തിലധികം മരുന്നുകൾ സ്റ്റോക്ക് ഉണ്ടെന്നും വേണമെങ്കിൽ സൂപ്രണ്ടുമാരോട് ചോദിക്കാനും മന്ത്രി. മരുന്നുക്ഷാമം എന്നത് മാധ്യമ സൃഷ്ടിയാണെന്നും ഒരു മെഡിക്കൽ കോളേജിലും നിലവിൽ പ്രതിസന്ധിയില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംഭരണശാലകളിൽ സ്റ്റോക്കില്ലെന്നാണ്‌ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിൽ ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം.


ഉത്തരവാദിത്തം മുഴുവൻ സ്ഥാപന മേധാവികളുടെ തലയിലിട്ട് കൈയൊഴിയുകയാണ് ആരോ​ഗ്യ മന്ത്രി. മരുന്നുക്ഷാമത്തിൽ സർക്കാർ വീഴ്‌ച മറച്ചുവച്ചാണ് മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും മരുന്നുകളുണ്ടെന്ന് മന്ത്രി പറയുമ്പോഴും ജീവൻരക്ഷാ മരുന്നുകൾ പോലും ലഭിക്കാതെ രോഗികൾ വലയുകയാണ്.


മരുന്നുക്ഷാമം രൂക്ഷമാകുമ്പോഴും മൂന്ന്‌ പൊതുമേഖല മരുന്നു നിർമാണ - വിതരണ സ്ഥാപനങ്ങളുടെ തലപ്പത്ത്‌ ഇതുവരെ ചുമതലക്കാരെ നിയമിച്ചിട്ടില്ല. കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷൻ ലിമിറ്റഡ്‌(കെഎംഎസ്‌സിഎൽ), ഹോമിയോ മരുന്നുനിർമാണ സ്ഥാപനമായ ഹോംകോ, ആയുർവേദ മരുന്ന് നിർമാണ സ്ഥാപനമായ ഔഷധി എന്നിവയിലാണ്‌ സർക്കാർ സ്ഥിരം എംഡിയെ നിയമിക്കാത്തത്‌. അലോപ്പതിക്കു പുറമെ ഹോമിയോ, ആയുർവേദ മരുന്നുകളുടെ വിതരണവും പ്രതിസന്ധിയിലാണ്‌. താൽക്കാലിക ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് നയപരമായ തീരുമാനമെടുക്കാൻ സാധിക്കാത്തത് മരുന്നുവിതരണത്തെ ബാധിച്ചിട്ടുണ്ട്‌.


ജീവിതശൈലി രോഗങ്ങളായ ഷുഗറിനും കൊളസ്ട്രോളിനും മാത്രമല്ല ഗുരതര രോഗങ്ങൾക്കുള്ള മരുന്ന് പോലും കിട്ടാനില്ല. സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽനിന്ന്‌ അധിക വില നൽകി മരുന്നുകൾ വാങ്ങേണ്ട ഗതികേടിലാണ് ജനം. അടിയന്തരമായി മരുന്ന്‌ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന്‌ പകരം സംസ്ഥാന നേരിടുന്ന വലിയൊരു പ്രതിസന്ധിയെ ന്യായീകരിച്ച് തലയൂരാനാണ് ആരോ​ഗ്യമന്ത്രി ശ്രമിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിൽ രോ​ഗി മരിച്ച സംഭവത്തിൽ ആരോ​ഗ്യവകുപ്പിന് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. പൊലീസിലല്ലേ പരാതി കൊടുത്തത് അന്വേഷിക്കട്ടെ എന്നും പരിഹാസ സ്വരത്തിൽ മന്ത്രി പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home