കൈക്കൂലിക്കേസില്‍ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിലായ സംഭവം; ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത പണം കണ്ടെത്തി

മലപ്പുറം : മലപ്പുറം, തിരൂരങ്ങാടിയിൽ വിജിലൻസ് പരിശോധനയ്ക്കിടെ കൈക്കൂലി പണം ഹെൽത്ത് ഇൻസ്പെക്ടർ പണം ക്ലോസറ്റിലിട്ട് ഫ്ലെഷ് അടിച്ചു. തിരൂരങ്ങാടി നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറായ തിരുവനന്തപുരം സ്വദേശി എസ് ശ്രീജിയാണ് പിടിയിലായത്.
പതിനായിരം രൂപയാണ് പ്രതി ക്ലോസറ്റിലിട്ടത്. സംഭവത്തിൽ ശ്രീജിയെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയുമായി വാടക വീട്ടിലെത്തിയ സംഘം പൈപ്പ് തകർത്ത് കൈക്കൂലി പണം കണ്ടെത്തി. പ്രവാസി യുവതി ആരംഭിച്ച പുതിയ ഹോട്ടലിനും ജ്യൂസ് കടയ്ക്കും ലൈസൻസ് അനുവദിക്കുന്നതിനാണ് ഹെൽത്ത് ഇൻസ്പെക്ടർ കൈക്കൂലി ആവശ്യപ്പെട്ടത്. യുവതി നേരത്തേ ലൈസൻസിനായി കെ-സ്മാർട്ട് വഴി അപേക്ഷ നൽകിയിട്ടും രേഖകൾ കൃത്യമല്ലെന്ന് പറഞ്ഞ് മടക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ലൈസൻസിനായി കൈക്കൂലി ആവശ്യപ്പെട്ടത്. ഇതോടെ യുവതി വിജിലൻസിനെ വിവരമറിയിച്ചു.
വിജിലൻസ് നിർദേശപ്രകാരം പരാതിക്കാരി കൈക്കൂലി നൽകാമെന്ന് പറഞ്ഞു. തുടർന്ന് പരപ്പനങ്ങാടിയിലെ താമസസ്ഥലത്തുവെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിലായത്. വിജിലൻസ് സംഘം എത്തിയതോടെ പ്രതി പണം ക്ലോസറ്റിലിട്ടതിനാൽ കഴിഞ്ഞ ദിവസം കണ്ടെത്താനായില്ല. തുടർന്ന് ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. പലരുടെ കൈയിൽ നിന്നും ഇത്തരത്തിൽ ശ്രീജി കൈക്കൂലി വാങ്ങിയതിന് തെളിവുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ.








0 comments