print edition മരുന്നില്ലെന്ന് മിണ്ടരുത്; സൂപ്രണ്ടുമാർക്ക് ആരോഗ്യ ഡയറക്ടറുടെ നിർദേശം

തിരുവനന്തപുരം: ആശുപത്രികളിൽ ഏതൊക്കെ മരുന്നുകൾ ഇല്ലെന്ന് മാധ്യമങ്ങളോട് പറയരുതെന്ന് ആശുപത്രി സൂപ്രണ്ടുമാർക്ക് ആരോഗ്യവകുപ്പ് ഡയറക്‌ടറുടെ നിർദേശം. ഡിഎംഒമാർക്കും ജില്ലാ പ്രോഗ്രാം മാനേജർമാർക്കും അയച്ച വാട്സാപ് ശബ്‌ദസന്ദേശത്തിലാണ് ഡയറക്‌ടർ ഡോ. വി മീനാക്ഷിയുടെ കർശന നിർദേശം.
ശബ്‌ദസന്ദേശം ഇങ്ങനെ: "മരുന്നുകളുടെ ലോക്കൽ പർച്ചേസിങ്ങിനെപ്പറ്റി മാധ്യമങ്ങളോട് പറയേണ്ട. എന്തെങ്കിലും ചോദിച്ചാൽ ഡിഎംഒമാരോട് സംസാരിക്കാൻ പറഞ്ഞാൽ മതി. പനി കൂടിവരികയാണ്. മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തണം. ആശുപത്രികളിൽ സ്റ്റോക്ക് കണക്കാക്കി അടിയന്തരമായി മരുന്നുകൾ എത്തിക്കാൻ സൂപ്രണ്ടുമാർ നടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ പ്രശ്നമാകും. മറ്റു സ്ഥാപനങ്ങളിൽ കൂടുതൽ മരുന്നുണ്ടെങ്കിൽ എത്തി ക്കണം.'
സംസ്ഥാനത്ത് ചില മരുന്നകളുടെ ലഭ്യതയിൽ കുറവുണ്ടെന്ന് ഒടുവിൽ ആരോഗ്യമന്ത്രി കെ മുരളീധരനും സമ്മതിക്കേണ്ടിവന്നു. മരുന്നുകൾ വാങ്ങാൻ അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി താമരശേരിയിൽ പറഞ്ഞു.
തിരക്കഥ പാളി
തിരുവനന്തപുരം: രൂക്ഷമായ മരുന്നുക്ഷാമത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാൻ മാധ്യമ സഹായത്തോടെ മന്ത്രി കെ മുരളീധരൻ നടത്തുന്ന പ്രചാരണം പൊളിയുന്നു. ഉദ്യോഗസ്ഥരുടെ എതിർപ്പ് മറികടന്ന് മന്ത്രി കെഎംഎസ്‌സിഎല്ലിലെ മരുന്നുകൊള്ള തടഞ്ഞെന്നാണ് പ്രചാരണം. കെഎംഎസ്‌സിഎൽ തലപ്പത്തെ അനധികൃത സ്ഥലംമാറ്റത്തിലൂടെ ടെൻഡർ നടപടി മൂന്നുമാസം വൈകിപ്പിച്ച് പ്രതിസന്ധിക്കിടയാക്കിയത് മറയ്‌ക്കാനാണ് വ്യാജ പ്രചാരണം.
മെയ് മാസത്തിലാണ് പർച്ചേസ് ഓർഡർ നൽകാറുള്ളത്. മെയ് 18ന് അധികാരത്തിലെത്തിയിട്ടും ആഗസ്‌തിൽ മരുന്നുക്ഷാമം രൂക്ഷമായശേഷമാണ് ടെൻഡർ നടപടി സ്വീകരിച്ചത്. കാൻസർ മരുന്നുവിതരണത്തിന് എൽഡിഎഫ് സർക്കാർ വിളിച്ച ടെൻഡർ റദ്ദാക്കുകയും ചെയ്‌തു. ഇതെല്ലാം മറച്ചാണ്, കെഎംഎസ്‌സിഎൽ വഴി സംഭരിക്കുന്ന മരുന്നുകൾക്ക് നിലവാരമില്ലെന്നും 190 കോടി കൊള്ള നടന്നെന്നുമുള്ള നുണ.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഇൻഹൗസ് ഡ്രഗ്‌സ് ബാങ്കിന്റെ മരുന്നുവാങ്ങലുമായി ബന്ധപ്പെടുത്തിയാണ് പ്രചാരണം. ദേശീയ തലത്തിൽ ഇ–ടെൻഡർ വിളിച്ച് സ്റ്റോർ പർച്ചേസ് റൂൾ പാലിച്ച് കെഎംഎസ്‌സിഎൽ നടത്തുന്ന മരുന്നുവിതരണത്തെയാണ് കമ്പനികളുമായി നേരിട്ട് വിലപേശി മരുന്നുവാങ്ങുന്ന സൊസൈറ്റിയുമായി താരതമ്യം ചെയ്യുന്നത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള നിർമാതാക്കളിൽനിന്ന് മാത്രമാണ് കെഎംഎസ്‌സിഎൽ ടെൻഡർ വിളിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കി യോഗ്യതയുള്ള നിർമാതാക്കളെ മാത്രം പങ്കെടുപ്പിച്ചാണ് നടപടി.
കുറഞ്ഞ വില നോക്കി മരുന്ന് വാങ്ങുന്നതിനുപകരം ന്യായമായ വിപണി വിലയാണോ എന്ന് നോക്കി മുൻകാല നിരക്കുകൾ, മറ്റ് സംസ്ഥാനങ്ങളിലെ നിരക്കുകൾ എന്നിവയുമായി താരതമ്യം ചെയ്‌താണ് കമ്പനിയെ തെരഞ്ഞെടുക്കുന്നത്. ഒരു കമ്പനിയെ ആശ്രയിക്കാതെ, യോഗ്യതയുള്ള വിതരണക്കാർക്കും ഓർഡറുകൾ വീതിച്ചുനൽകിയാണ് മുൻ സർക്കാർ മരുന്ന് ക്ഷാമം ഒഴിവാക്കിയത്. എന്നാൽ, കഴിഞ്ഞവർഷം ഇടനിലക്കാരിൽനിന്ന് ഉയർന്ന വിലയ്‌ക്ക് മരുന്ന് വാങ്ങിയെന്നാണ് കെഎംഎസ്‌സിഎല്ലിനെതിരെയുള്ള മന്ത്രിയുടെ ആരോപണം.
കെഎംഎസ്‌സിഎല്ലിനെ തകർത്ത് പൊതുമരുന്നുവിതരണ സംവിധാനം അട്ടിമറിക്കാനുള്ള നീക്കം യുഡിഎഫ് സർക്കാർ അധികാരമേറ്റപ്പോഴെ തുടങ്ങിയിരുന്നു. ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തിയതും വൻകിട കമ്പനികളിൽനിന്ന് നേരിട്ട് മരുന്ന് വാങ്ങുമെന്ന പ്രഖ്യാപനവും ഇതിന്റെ ഭാഗം.
കെഎസ്‌ഡിപി മരുന്നുൽപ്പാദനം 12 കോടി യൂണിറ്റ് വെട്ടിക്കുറച്ചു
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ പൊതുമേഖലാ മരുന്നുൽപ്പാദന സ്ഥാപനമായ കെഎസ്‌ഡിപിയിൽ ഉൽപ്പാദനം 12 കോടി യൂണിറ്റ് വെട്ടിക്കുറച്ചു. വിവിധ ഇനങ്ങളിലായി 14 കോടി യൂണിറ്റ് മരുന്ന് ഉൽപ്പാദിപ്പിച്ചിടത്ത് ഇപ്പോൾ രണ്ട് കോടി യൂണിറ്റിൽ താഴെ മാത്രമായി ഉൽപ്പാദനം. അസംസ്‌കൃതവസ്‌തുക്കൾ വാങ്ങാൻ പണം അനുവദിക്കാത്തതാണ് പ്രശ്‌നം.
ആവശ്യത്തിന് ഓർഡറുള്ളപ്പോൾ 500 താൽക്കാലിക ജീവനക്കാരിൽ 90 ശതമാനംപേരെയും പിരിച്ചുവിടുകയുംചെയ്‌തു. 142 സ്ഥിരം ജീവനക്കാരുൾപ്പെടെ 250 പേർ മാത്രമേ സ്ഥാപനത്തിലുള്ളു. മൂന്ന് ഷിഫ്‌റ്റിൽ ദിവസം മുഴുവൻ പ്രവർത്തിച്ചിരുന്നത് ഒറ്റ ഷിഫ്‌റ്റാക്കി.
മരുന്നുനൽകിയ ഇനത്തിൽ 12 കോടി രൂപയോളം കെഎംഎസ്‌സിഎൽ നൽകാനുണ്ട്. പുതിയ ചെയർമാനെയടക്കം നിയമിക്കാത്തിനാൽ ഇത് ലഭ്യമാക്കാനോ സർക്കാരിൽനിന്ന് പണം അനുവദിപ്പിക്കാനോ ആരുമില്ലാത്തതും സ്ഥിതി രൂക്ഷമാക്കി.
സ്വകാര്യകുത്തകകളെ സഹായിക്കാൻ
കെഎസ്‌ഡിപിയെ തകർത്ത് പൊതുജനാരോഗ്യ മേഖലയ്‌ക്കുള്ള മരുന്നുൽപ്പാദനം സ്വകാര്യകുത്തകകളിലെത്തിക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. അടച്ചുപൂട്ടലിന്റെ വക്കിൽനിന്ന് എൽഡിഎഫ് സർക്കാർ കൈപിടിച്ചുയർത്തിയ സ്ഥാപനമാണ് കെഎസ്‌ഡിപി. മുൻവർഷങ്ങളിൽ 100 കോടി വിറ്റുവരവുണ്ടാക്കി തുടർച്ചയായ നേട്ടം കൈവരിച്ചിടത്തുനിന്നാണ് ഇൗ പതനം.









0 comments