ആനുകൂല്യങ്ങൾ നിഷേധിച്ച് പഞ്ചായത്ത്
print edition ജോലിക്കിടെ പരിക്കേറ്റ ഹരിതകർമ സേനാംഗം മരിച്ചു

ജുബേരിയയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ വിതുന്പുന്ന സഹപ്രവർത്തകർ
വിളപ്പിൽ : ജോലിക്കിടെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിളപ്പിൽ പഞ്ചായത്തിലെ കാവുംപുറം വാർഡ് ഹരിതകർമ സേനാംഗം മരിച്ചു. കാവുംപുറം ഒഎൽഎച്ച് വിളയിൽ ഷാജഹാന്റെ ഭാര്യ ജുബേരിയ (52)യാണ് മരിച്ചത്. വിളപ്പിൽ പഞ്ചായത്തിന്റെ വാഹനത്തിൽ അജൈവ പാഴ്‌വസ്തുക്കൾ വിളപ്പിൽശാല മാർക്കറ്റിൽ പ്രവർത്തിക്കുന്ന താൽക്കാലിക എംസിഎഫിൽ എത്തിക്കുന്നതിനിടെ ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായത്.
മറ്റൊരു അംഗമായ ഡ്രൈവർ ഷക്കീലയ്ക്കും ഒപ്പം പരിക്കേറ്റിരുന്നു. ആഗസ്‌ത് 18ന് നടന്ന അപകടത്തിൽ പരിക്കേറ്റ് ശരീരത്തിന്റെ ഒരുഭാഗം തളർന്ന ജുബേരിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ജോലിക്കിടെ സംഭവിച്ച അപകടത്തിൽ പരിക്കേറ്റ് 24 ദിവസമായിട്ടും വേണ്ട ഇടപെടലൊന്നും പഞ്ചായത്ത് അധികൃതർ നടത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു.
ഹരിതകർമസേനാംഗങ്ങൾക്ക് ജോലി സമയത്ത് അപകടങ്ങൾ സംഭവിച്ചാൽ പൂർണ ഉത്തരവാദിത്വം പഞ്ചായത്ത് വഹിക്കണമെന്നാണ് മാർഗരേഖ. എന്നാൽ വെന്റിലേറ്ററിൽ കഴിയുന്ന തൊഴിലാളിയുടെ ചികിത്സയടക്കമുള്ള സംരക്ഷണ ചുമതല ഏറ്റെടുക്കാനോ അപകട ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള നടപടികളോ പഞ്ചായത്ത് കൈക്കൊണ്ടില്ല.
ഇതോടെ ഹരിതകർമസേന അംഗങ്ങളും പ്രതിഷേധമറിയിച്ചു. അനാസ്ഥ പഞ്ചായത്ത് കമ്മിറ്റിയിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം ആർ ബി ബിജുദാസിന്റെ നേതൃത്വത്തിൽ എൽഡിഎഫ് അംഗങ്ങൾ കത്ത് നൽകിയതിനിടെയാണ് ജുബേരിയയുടെ മരണം.
ശനി വൈകിട്ട് ആറോടെ പഞ്ചായത്ത് ഹാളിൽ പൊതുദർശനത്തിന് വച്ചു. സിപിഐ എം ഏരിയ സെക്രട്ടറി കെ ജയചന്ദ്രൻ, ആർ ബി ബിജുദാസ്, വിളപ്പിൽ അസീസ്, എ എം ഷാഹി എന്നിവർ അനുശോചനം രേഖപ്പെടുത്തി.









0 comments