സ്കൂൾ കായികമേള : ആദ്യത്തെ എട്ട് സ്ഥാനക്കാർക്ക് ഗ്രേസ് മാർക്ക്

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായികമേളയിൽ ഇനി ആദ്യ എട്ട് സ്ഥാനക്കാർക്ക് ഗ്രേസ് മാർക്കിന് അർഹത. നിലവിൽ ആദ്യ മൂന്നു സ്ഥാനക്കാർക്കാണ് എസ്‌എസ്‌എൽസി, എച്ച്‌എസ്‌എസ്, വിഎച്ച്‌എസ്‌ഇ പരീക്ഷകളിൽ ഗ്രേസ് മാർക്ക് നൽകിയിരുന്നത്. പുതിയ ഉത്തരവനുസരിച്ച് ഒന്നുമുതൽ എട്ടു വരെയുള്ള സ്ഥാനക്കാർക്ക് യഥാക്രമം 20, 17, 14, 10, 8, 6, 4, 2 എന്നിങ്ങനെയാകും ഇനി ഗ്രേസ് മാർക്ക്.
സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച അസോസിയേഷനുകൾ നടത്തുന്ന കായിക മത്സരങ്ങളിലും ആദ്യ നാലു സ്ഥാനക്കാർക്ക് യഥാക്രമം 20,17,14,10 ഗ്രേസ് മാർക്ക് ലഭിക്കും. അന്തർ ദേശീയ, ദേശീയ മത്സരങ്ങളിൽ വിജയിക്കുന്നവർക്കും പങ്കെടുക്കുന്നവർക്കും നിലവിലുള്ള ഗ്രേസ് മാർക്ക് തുടരും. കായിക മത്സരങ്ങളിൽ കൂടുതൽ സ്ഥാനക്കാർക്ക് ഗ്രേസ് മാർക്ക് നൽകണമെന്ന് കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെഎസ്‌ടിഎ) സർക്കാരിനോട് അഭ്യർഥിച്ചിരുന്നു.
എട്ടാം ക്ലാസ് സർട്ടിഫിക്കറ്റ് പ്രകാരമാണ് എസ്‌എസ്‌എൽസിക്ക് ഗ്രേസ് മാർക്കിന് അപേക്ഷിക്കുന്നതെങ്കിൽ ഒമ്പതിലും പത്തിലും പഠിക്കുമ്പോൾ ജില്ലാ മത്സരങ്ങളിലെങ്കിലും പങ്കെടുത്തിരിക്കണം. ഒമ്പതിലെ സർട്ടിഫിക്കറ്റ് വച്ചാണ് അപേക്ഷിക്കുന്നതെങ്കിൽ പത്താം ക്ലാസിൽ ജില്ലാ മത്സരത്തിലെങ്കിലും പങ്കെടുത്തിരിക്കണം.
സോഷ്യൽ സർവീസ് സ്‌കീം അംഗങ്ങൾക്കും
സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം അംഗങ്ങൾക്കും ഇനിമുതൽ ഗ്രേസ് മാർക്കിന് അർഹതയുണ്ട്. എ ഗ്രേഡ് നേടുന്നവർക്ക് 25, ബി ഗ്രേഡിന് 15, സി ഗ്രേഡിന് 10 എന്നിങ്ങനെയാകും ഗ്രേസ് മാർക്ക്. എട്ടിലോ ഒമ്പതിലോ പഠിക്കുമ്പോൾ സംസ്ഥാനതല സ്‌കൂൾ കലോത്സവത്തിലോ ശാസ്ത്രോത്സവത്തിലോ ലഭിച്ച ഗ്രേഡ്, ഗ്രേസ് മാർക്കിന് പരിഗണിക്കണമെങ്കിൽ പത്തിൽ പഠിക്കുമ്പോൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കണമെന്നില്ല.
റവന്യൂ ജില്ലാ മത്സരത്തിൽ അതേ ഇനത്തിൽ എ ഗ്രേഡ് ലഭിച്ചാൽ മതി. സംസ്ഥാന സ്‌കൂൾ കലോത്സവം, ശാസ്‌ത്രോത്സവം, ശാസ്‌ത്ര സെമിനാർ എന്നിവക്ക് 20,15,10 എന്നിങ്ങനെയാണ് എ, ബി, സി ഗ്രേഡുകാർക്ക് ഗ്രേസ് മാർക്ക്.
0 comments