print edition മന്ത്രിക്കെതിരെ പോസ്റ്റ്; കൂട്ടപ്പിരിച്ചുവിടലിന് ഉത്തരവിട്ട് സർക്കാർ

എഐ പ്രതീകാത്മകചിത്രം
തിരുവനന്തപുരം : ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതിന് പിഎസ്‌സിയിലെ താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്. 2017നുശേഷം നിയമിച്ച മുഴുവൻ താൽക്കാലിക ജീവനക്കാരെയും സർവീസിൽനിന്ന് നീക്കം ചെയ്യാനാണ് പൊതുഭരണവകുപ്പ് പിഎസ്‍സിക്ക് നിർദേശം നൽകിയത്. ഭരണഘടനാ പദവിയുള്ള ഒരു സ്വതന്ത്ര കമീഷനിലേക്ക് സർക്കാർ പിരിച്ചുവിടൽ ഉത്തരവ് നൽകുന്നത് അസാധാരണ നടപടിയാണ്. ആരോഗ്യമന്ത്രിക്കെതിരെ പോസ്റ്റിട്ട താൽക്കാലിക ഡ്രൈവർ ബിജു ലീജയെ പിരിച്ചുവിടണമെന്ന് ഉത്തരവിൽ പേരെടുത്ത് പറയുന്നു. ഒരു ജീവനക്കാരന്റെ അച്ചടക്കലംഘനത്തെ മുൻനിർത്തി വർഷങ്ങളായി ജോലി ചെയ്തുവരുന്ന മുഴുവൻ താൽക്കാലിക ഓഫീസ് അറ്റൻഡർമാരെയും കൂട്ടത്തോടെ പിരിച്ചുവിടാനാണ് ഉത്തരവ്.
കമീഷനിലെ ജീവനക്കാരുടെ നിയമനങ്ങളിലും അച്ചടക്ക നടപടികളിലും തീരുമാനം എടുക്കുന്നത് പിഎസ്‌സി ചെയർമാനാണ്. ഇതിന് വിരുദ്ധമായി ഉത്തരവിറക്കുകയും അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയും ചെയ്തത് കമീഷന്റെ സ്വയംഭരണാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് നിയമവിദഗ്ധർ പറയുന്നു. വ്യക്തിപരമായ പരാതിയുടെ പേരിൽ വർഷങ്ങളായി ജോലി ചെയ്യുന്നവരെ പെരുവഴിയിലാക്കുന്ന നടപടിക്കെതിരെ ജീവനക്കാർ നിയമനടപടി സ്വീകരിക്കും.









0 comments