കസ്റ്റഡിയിൽ മർദനമേറ്റ വിദ്യാർഥിക്ക് സർക്കാർ 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

പ്രതീകാത്മക ചിത്രം
തിരുവന്തപുരം: കസ്റ്റഡിയിൽ മർദനമേറ്റ വിദ്യാർഥിക്ക് സർക്കാർ 2 ലക്ഷം രൂപ നൽകാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവ്. ആറാഴ്ചക്കുള്ളിൽ തുക നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിൽ പറയുന്നു. എസ്ഐയിൽ നിന്നും 1,60,000 രൂപയും നാലുപൊലീസുകാരിൽ നിന്നും 10,000 രൂപ വീതവും നിയമാനുസൃതം തിരിച്ചുപിടിക്കാമെന്നും ഉത്തരവിൽ പറഞ്ഞു. ആറാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ 8 ശതമാനം പലിശ നൽകാനും ഉത്തരവിലുണ്ട്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മൂന്നുമാസത്തിനകം കമ്മീഷൻ ഓഫീസിൽ സമർപ്പിക്കണം.
2023 ഫെബ്രുവരി 22 നാണ് കേസിനാസ്പദമായ സംഭവം. റോഡരികിൽ ബസ് കാത്തുനിന്ന വിദ്യാർഥിയെ വെഞ്ഞാറമൂട് എസ്ഐ യും പൊലീസുകാരും ചേർന്ന് മർദിക്കുകയായിരുന്നു. മർദനത്തിൽ വിദ്യാർഥിയുടെ ഇടതു കൈയിലും നെഞ്ചിന്റെ ഇടതുവശത്തും വലതുതോളിലും പരിക്കേറ്റിരുന്നു. ഇടതു ചെവിയിൽ രക്തം കട്ടപിടിച്ച നിലയിലായിരുന്നു. കലുങ്കിൽ ഇരുന്ന സമയത്ത് പൊലീസുകാരെ കണ്ട് ഓടാത്തതു കൊണ്ടാണ് തന്നെ ജീപ്പിൽ കയറ്റി കൊണ്ടുപോയതെന്ന് വിദ്യാർഥി പരാതിയിൽ പറഞ്ഞിരുന്നത്. കൈയിൽ വിലങ്ങ് വെച്ചാണ് കൊണ്ടുപോയതെന്നും വിദ്യാർഥിയുടെ പരാതിയിലുണ്ട്.
പൊലീസ് ക്രൂരമായി മർദ്ദിച്ചതായി ജില്ലാ പൊലീസ് മേധാവിയും സംസ്ഥാന പൊലീസ് മേധാവിയും ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും റിപ്പോർട്ടുകൾ വഴി സമ്മതിച്ചിട്ടും എസ്ഐയ്ക്ക് റിക്കാർഡ് വാണിംഗ് മാത്രം നൽകിയ ജില്ലാ പൊലീസ് മേധാവിയുടെ നടപടിയിൽ കമീഷൻ ആശ്ചര്യം രേഖപ്പെടുത്തി.ഈ ഉത്തരവ് സർക്കാർ പുന:പരിശോധിക്കാനും കമീഷൻ ആവശ്യപ്പെട്ടു. എസ്ഐ ക്കും വിദ്യാർഥിയെ മർദിച്ച നാലുപൊലീസുകാർക്കുമെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിൽ ഉചിതമായ അച്ചടക്ക നടപടികൾ സംസ്ഥാന പൊലീസ് മേധാവിയും ജില്ലാ പൊലീസ് മേധാവിയും നിയമാനുസൃതം സ്വീകരിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷനിൽ സിസിടിവി ദൃശ്യങ്ങളിൽ വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യങ്ങളുമുണ്ട്. കോരാണി ചെമ്പകമംഗലം സ്വദേശിയാണ് വിദ്യാർഥി.







0 comments