സ്കൂൾ ഉച്ചഭക്ഷണം പോലും മുടക്കുന്ന അവസ്ഥയിലേക്ക് സർക്കാർ തരംതാണു: വി ശിവൻകുട്ടി

തിരുവനന്തപുരം: ക്ഷേമ– ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ, സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണം പോലും മുടക്കുന്ന അവസ്ഥയിലേക്ക് തരംതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുട്ടികളെ പട്ടിണിക്കിടുന്ന മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടമാടുന്നത്. ഉച്ചഭക്ഷണ വിഹിതം രണ്ട് മാസമായി പൂർണമായും കുടിശ്ശികയാക്കി വച്ചിരിക്കുകയാണ്. നിലവിൽ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അരിയൊഴികെ പച്ചക്കറിയും പലവ്യഞ്ജനങ്ങളും പുറത്തുനിന്ന് വിലകൊടുത്തു വാങ്ങേണ്ട ബാധ്യത സ്കൂളുകൾക്കുണ്ട്. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്ന ഈ ഘട്ടത്തിൽ, തുക ലഭിക്കാതായതോടെ കുട്ടികൾ പട്ടിണിയാകാതിരിക്കാൻ അധ്യാപകർ നെട്ടോട്ടമോടുകയാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നയുടൻ പോഷകസമൃദ്ധമായ മെനു വെട്ടിച്ചുരുക്കി. പിന്നാലെയാണ് ഇപ്പോൾ കുട്ടികൾക്ക് ലഭിക്കേണ്ട ന്യായമായ വിഹിതം പോലും നൽകാതെ വഞ്ചിക്കുന്നതെന്ന് വി ശിവൻകുട്ടി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ഫണ്ട് ലഭിക്കുന്നതിലെ കാലതാമസവും വിലക്കയറ്റവും കാരണം അങ്കണവാടികളുടെ പ്രവർത്തനവും താളംതെറ്റിയിരിക്കുന്നു. പൊതുവിദ്യാലയങ്ങളെയും പ്രീ-പ്രൈമറികളെയും അങ്കണവാടികളെയും തകർക്കാനുള്ള ബോധപൂർവമായ ഗൂഢാലോചനയാണിത്. കേരളത്തിന്റെ സ്കൂൾ കായികമേളയെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന 117.5 പവന്റെ സ്വർണ്ണക്കപ്പും സ്കൂൾ ഒളിമ്പിക്‌സ് എന്ന മഹത്തായ ആശയവും ഇന്ന് എവിടെപ്പോയി എന്നും വി ശിവൻകുട്ടി ചോദിച്ചു.
മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാനെന്ന വ്യാജേന യുഡിഎഫ് സർക്കാർ നടത്തിയത് വിദ്യാഭ്യാസ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തീവെട്ടിക്കൊള്ളയാണ്. ജില്ലയിൽ ആകെ അനുവദിച്ച 60 ബാച്ചുകളിൽ 48 എണ്ണവും എയ്ഡഡ് സ്കൂളുകൾക്ക് തീറെഴുതിക്കൊടുക്കുകയാണുണ്ടായത്. ബാച്ചുകൾ അനുവദിച്ചതിലൂടെ അധ്യാപക- അനധ്യാപക തസ്തികകൾ സൃഷ്ടിക്കാനും ഒരു തസ്തികയ്ക്ക് കുറഞ്ഞത് ഒരു കോടി രൂപ വീതം കോഴ വാങ്ങാനുമുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിൽ അരങ്ങേറിയത്. വിഷയത്തിൽ സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്നും വി ശിവൻകുട്ടി പറഞ്ഞു.








0 comments