'ഗൂഗിൾ പേ പോക്കറ്റ് മണി' തട്ടിപ്പോ? വ്യാജ സന്ദേശത്തിൽ വീഴരുത്

എ ഐ പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഗൂഗിൾ പേയിലെ പോക്കറ്റ് മണി ആരും ഉപയോഗിക്കരുതെന്ന സന്ദേശം നിങ്ങൾക്ക് കിട്ടിയോ? സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വ്യാജ സന്ദേശം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി കേരളാ പൊലീസ്. നിങ്ങളുടെ അനുമതിയോ യു പി ഐ പിൻ (UPI PIN) നൽകാതെയോ നിങ്ങളിൽ നിന്ന് ഗൂഗിൾ പേ അക്കൗണ്ട് വഴി പണം നഷ്ടപ്പെടാൻ സാധ്യതയില്ല. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഭീം ആപ്പിൽ അവതരിപ്പിച്ച 'യുപിഐ സർക്കിൾ' സംവിധാനം മാതൃകയാക്കി, സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ വഴി പണമിടപാടുകൾ നടത്തുന്നതിനായി ഗൂഗിൾ പേ പുറത്തിറക്കിയ പുതിയ ഫീച്ചറാണ് 'പോക്കറ്റ് മണി'.
ബാങ്ക് അക്കൗണ്ടില്ലാത്ത കുട്ടികൾക്കോ മറ്റ് കുടുംബാംഗങ്ങൾക്കോ രക്ഷിതാക്കളുടെ അക്കൗണ്ട് ഉപയോഗിച്ച് ഡിജിറ്റൽ ഇടപാടുകൾ നടത്താൻ സഹായിക്കുന്ന ഫീച്ചർ കൂടിയാണിത്. കുട്ടികൾ നടത്തുന്ന ഓരോ ഇടപാടും രക്ഷിതാവിന് സ്വന്തം ഫോണിലൂടെ നിയന്ത്രിക്കാം. പ്രതിമാസം എത്ര രൂപ വരെ ചെലവാക്കാം എന്നതിന് ഒരു പരിധി നിശ്ചയിക്കാൻ സാധിക്കും. ഈ ഫീച്ചറിലൂടെ ഒരു പ്രൈമറി യൂസർക്ക് തന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് പരമാവധി അഞ്ച് സെക്കൻഡറി യൂസർമാരെ വരെ പണമിടപാടുകൾ നടത്താനായി ചേർക്കാൻ സാധിക്കും. ഇതിനായി കെവൈസി (KYC) നടപടികൾ ആവശ്യമാണ്.
ഗൂഗിൾ പേ പോക്കറ്റ് മണി സൗകര്യത്തിലൂടെ പണം കൈമാറുന്നതിനായി രണ്ട് രീതികളാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രൈമറി യൂസറുടെ അനുമതിയില്ലാതെ തന്നെ പ്രതിമാസം 15,000 രൂപ വരെ ചെലവാക്കാൻ സാധിക്കുന്ന 'ഫുൾ ഡെലിഗേഷൻ' (Full Delegation) രീതിയും, ഓരോ ഇടപാടിനും അക്കൗണ്ട് ഉടമയുടെ അനുമതി ആവശ്യമായ 'പാർഷ്യൽ ഡെലിഗേഷൻ' (Partial Delegation) രീതിയുമാണിത്. ഗൂഗിൾ പേ ആപ്പിലെ 'Profile' സെക്ഷനിൽ പോയി 'UPI Circle' എന്ന ഓപ്ഷൻ വഴി സെക്കൻഡറി യൂസർക്ക് Invite അയച്ചുകൊണ്ട് വളരെ എളുപ്പത്തിൽ ഈ സേവനം സ്വയം സജ്ജമാക്കാവുന്നതാണ്.
അതുകൊണ്ടു തന്നെ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നപോലെ ഗൂഗിൾ പേയിലെ 'പോക്കറ്റ് മണി' ഐക്കണിൽ വെറുതെ തൊട്ടതുകൊണ്ട് മാത്രം പണം നഷ്ടമാകില്ല. ആദ്യമായി ഈ ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ സെക്കൻഡറി യൂസറെ ചേർക്കാനുള്ള ഓപ്ഷനുകൾ മാത്രമാണ് കാണുക. അക്കൗണ്ട് ഉടമ നേരിട്ട് മറ്റൊരു വ്യക്തിയെ ഇതിനായി ചേർക്കുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്താൽ മാത്രമേ ഇടപാടുകൾ നടക്കുകയുള്ളൂ. ഇത് സംബന്ധിച്ച് നിലവിൽ സൈബർ തട്ടിപ്പുകൾ സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ പൊതുജനങ്ങൾ ഇത്തരം പ്രചാരണങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് കേരള പൊലീസ് അറിയിച്ചു.
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത്
Google Pay Pocket Money റിവാർഡ് ലഭിച്ചിട്ടുണ്ട്, അത് അക്കൗണ്ടിലേക്ക് മാറ്റാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക" എന്ന തരത്തിലുള്ള വാട്‌സാപ്പ് /എസ്എംഎസ് സന്ദേശങ്ങൾ വിശ്വസിക്കരുത്. ഇത്തരത്തിലുള്ള സന്ദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന അപരിചിത ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.
പണം ലഭിക്കാൻ (Receive ചെയ്യാൻ) UPI PIN നൽകേണ്ട ആവശ്യമില്ല. ആരെങ്കിലും പണം ലഭിക്കുമെന്ന് പറഞ്ഞ് യുപിഐ പിൻ (UPI PIN) നൽകാൻ ആവശ്യപ്പെടുന്നുവെങ്കിൽ അത് ഉറപ്പായും തട്ടിപ്പാണെന്ന് മനസ്സിലാക്കുക.
ഔദ്യോഗിക ആപ്പുകളിലെ ഫീച്ചറുകൾ ഉപയോഗിക്കുമ്പോൾ ഭയപ്പെടേണ്ടതില്ല; എന്നാൽ ജാഗ്രത പാലിക്കുക.
സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന വോയ്‌സ് ക്ലിപ്പുകൾ പരിശോധിക്കാതെ വിശ്വസിക്കരുത്
അപരിചിതരിൽ നിന്നുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യാതിരിക്കുക.
സൈബർ സാമ്പത്തിക തട്ടിപ്പ് സംഭവിച്ചാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌പ്ലൈൻ നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകുക.










0 comments