Deshabhimani

print edition കൊച്ചി വിമാനത്താവളംവഴി സ്വർണക്കടത്ത്: കസ്‌റ്റംസ്‌ ഉദ്യോഗസ്ഥർ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

high court
വെബ് ഡെസ്ക്

Published on Sep 10, 2026, 01:30 AM | 1 min read

കൊച്ചി: കൊച്ചി വിമാനത്താവളംവഴി സ്വർണം കടത്തിയെന്ന കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്ന്‌ ഹൈക്കോടതി. പ്രതികളുടെ വിടുതൽഹർജികൾ തള്ളിയ എറണാകുളം സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. കൊച്ചി വിമാനത്താവളംവഴി 2013ൽ 56 കിലോ സ്വർണം കടത്തിയെന്ന കേസിൽ പ്രതികളായ കസ്റ്റംസ് മുൻ ഡെപ്യൂട്ടി കമീഷണർ സി മാധവൻ, അസി. കമീഷണർ ഡോ. എസ് അനിൽകുമാർ, സ്വർണക്കടത്ത് സംഘാംഗം അഹമ്മദ് സുഹൈൽ എന്നിവർ നൽകിയ റിവിഷൻ ഹർജികളാണ്‌ ജസ്റ്റിസ് എ ബദറുദ്ദീൻ തള്ളിയത്.


വകുപ്പുതല നടപടികളിൽ കുറ്റവിമുക്തരാക്കിയെന്നത് ക്രിമിനൽ കേസുകളിൽനിന്ന് ഒഴിവാകാനുള്ള കാരണമല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കി. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവും സാക്ഷിമൊഴികളുമുണ്ട്‌. അതിനാൽ വിചാരണ നേരിടണം. ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കാനും പ്രത്യേക കോടതിക്ക് നിർദേശം നൽകി. പ്രതി സി മാധവൻ സ്വർണക്കടത്തിന് സൗകര്യമൊരുക്കിയെന്നും എസ് അനിൽകുമാർ തന്റെ വിവാഹ ആവശ്യങ്ങൾക്കായി പ്രതികളിൽനിന്ന് വാഹനം ഉൾപ്പെടെയുള്ള സഹായങ്ങൾ സ്വീകരിച്ചെന്നും പ്രോസിക്യൂഷൻ വാദിച്ചു. കൊച്ചി വിമാനത്താവളംവഴി സ്വർണം കടത്താൻ ഒത്താശ ചെയ്തെന്നാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണം. ഇതിന് പ്രതിഫലമായി പണവും മറ്റ് ഗൃഹോപകരണങ്ങളും കൈപ്പറ്റിയെന്ന് സിബിഐ നൽകിയ റിപ്പോർട്ടിലുണ്ട്. 17.86 കോടി രൂപയുടെ സ്വർണക്കടത്ത്‌ നടന്നുവെന്നാണ്‌ റിപ്പോർട്ടിലുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home