യുദ്ധം വേണ്ട: ഇറാനുനേരെ യുഎസ്– ഇസ്രയേൽ കടന്നാക്രണം; കൊച്ചിയിൽ പ്രതിഷേധം

സിപിഐ എം എറണാകുളം ജില്ലാ കമ്മറ്റി മേനകയിൽ നിന്നും രാജേന്ദ്രമൈതാനിയിലേക്കു സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ പുരോഗമന കലാസാഹിത്യസംഘം യുദ്ധക്കൊതിയനായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രതീകാത്മകമായി പിടിച്ചുകെട്ടുന്നു| ഫോട്ടോ: വി കെ അഭിജിത്ത്
കൊച്ചി: ഇറാനുനേരെ യുഎസും ഇസ്രായേലും നടത്തുന്ന കടന്നാക്രമണത്തിനെതിരെ കൊച്ചിയില്‍ പ്രതിഷേധമിരമ്പി. സിപിഐ എം എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. എറണാകുളം രാജേന്ദ്ര മൈതാനത്ത് നടന്ന പ്രതിഷേധ യോഗത്തിൽ എസ് സതീഷ്, സി എം ദിനേശ് മണി, ജോൺ ഫെർണാണ്ടസ്, സി ബി ദേവദർശനൻ, കെ എസ് അരുൺ കുമാർ, സി കെ മണിശങ്കർ, ടി വി അനിത, എം ബി ഷൈനി, സി മണി തുടങ്ങിയവർ പങ്കെടുത്തു.
യുദ്ധത്തിനെതിരെ ഉയരുന്ന വികാരത്തെയും സമാധാനത്തിന് വേണ്ടിയുള്ള മുദ്രാവാക്യത്തെയും ദുർബലപ്പെടുത്തുന്ന അരാഷ്‌ട്രീയ പ്രചാരണങ്ങൾ നടക്കുകയാണൈന്നും ചിലർ നവമാധ്യമങ്ങളെ അതിന് ഉപയോഗിക്കുകയാണെന്നും എം സ്വരാജ് പറഞ്ഞു. അരാഷ്‌ട്രീയ പ്രചാരണങ്ങളിൽ നിഷ്‌കളങ്കരായ ചിലരെങ്കിലും പെട്ടു പോകുന്നുണ്ട്. ഇറാൻ കമ്മ്യൂണിസ്റ്റുകാർക്കെതിരല്ലേയെന്നും അതിനാൽ ആയത്തുള്ള അലി ഖമനേയിയെ വധിക്കുമ്പോൾ ആഹ്ലാദിക്കേണ്ടതല്ലേ എന്ന വങ്കത്തരം ചോദിക്കുന്നവരുടെ കൂട്ടത്തിൽ ലീഗും കോൺഗ്രസും ബിജെപിയുമുണ്ട്. ഇത്തരം വങ്കത്തരം പറയുന്നതിൽ കൈ കോർത്ത് നിൽക്കുന്നവരാണ് ലീഗും കോൺഗ്രസും ബിജെപിയുമാണെന്നതാണ് വർത്തമാനകാല യാഥാർഥ്യം.
സിപിഐ എം എറണാകുളം ജില്ലാ കമ്മറ്റി മേനകയിൽ നിന്നും രാജേന്ദ്രമൈതാനിയിലേക്കു സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ പുരോഗമന കലാസാഹിത്യസംഘം യുദ്ധക്കൊതിയനായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രതീകാത്മകമായി പിടിച്ചുകെട്ടുന്നു| ഫോട്ടോ: വി കെ അഭിജിത്ത്
ഇറാന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പാണക്കാട്ടെ ഒരു തങ്ങൾ പ്രസ്‌താവനയിറക്കിയാൽ ചിലർ അതിന് താഴെ ഐക്യദാർഢ്യം പ്രകടിപ്പിക്കും. എന്നാൽ, ഇടതുപക്ഷം ഇതേ അഭിപ്രായം പ്രകടിപ്പിച്ചാൽ അതിനു താഴെ തെറിയഭിഷേകം നടത്തുകയും ചെയ്യുന്ന ലീഗിന്റെയും കോൺഗ്രസിന്റെയും പ്രവർത്തകർക്ക് മറുപടി നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.










0 comments