സൗഹൃദ ദിനത്തിൽ ചങ്ങാതിക്കൊരു തൈ നൽകാം

ഹരിതകേരളം മിഷൻ

സ്വന്തം ലേഖകൻ
Published on Jul 28, 2025, 12:15 AM | 1 min read
തിരുവനന്തപുരം: ലോക സൗഹൃദ ദിനമായ ആഗസ്‌ത് 3ന് സുഹൃത്തുക്കൾ തമ്മിൽ വൃക്ഷത്തൈകൾ കൈമാറും. സൗഹൃദം മഹാവൃക്ഷമായി വളരട്ടെ ആശയവുമായി ഒരു തൈ നടാം ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി ഹരിതകേരളം മിഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ, വായനശാലകൾ, ക്ലബുകൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് സുഹൃത്തുക്കൾക്ക് വൃക്ഷത്തൈകൾ പരസ്പരം കൈമാറുന്നത്.
ഹരിത കേരളം മിഷന്റെ പച്ചത്തുരുത്തുകളിലും തൈകൾ നടും. പുതിയ പച്ചത്തുരുത്തുകൾക്കും തുടക്കമിടും. പരിസ്ഥിതി പുനഃസ്ഥാപനം, നെറ്റ് സീറോ കാർബൺ കേരളം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പരിപാടി. സെപ്തംബർ 30നകം ഒരുകോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 21 ലക്ഷത്തിലധികം തൈകൾ പദ്ധതിയുടെ ഭാഗമായി നട്ടുകഴിഞ്ഞു. തദ്ദേശസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, അയൽക്കൂട്ടങ്ങൾ, തൊഴിലുറപ്പ് പദ്ധതി, അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി, സാമൂഹ്യവനവൽക്കരണ വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ വ്യാപകമായി വൃക്ഷത്തൈ ഉൽപ്പാദനവും ആഗസ്‌തിലും സെപ്‌തംബറിലും നടക്കുമെന്ന് ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി എൻ സീമ അറിയിച്ചു.










0 comments