ഗാസയിലേക്കുള്ള കടലാസുതോണികൾ ; പ്രതിരോധ ബൊമ്മക്കൊലു

തൃശൂർ
ഗാസയെ ലക്ഷ്യമാക്കി നീങ്ങുന്ന കടലാസുതോണികൾ...തകർന്ന നഗരത്തെ ഓർമിപ്പിക്കുമാറ് കളിപ്പാട്ടങ്ങളുടെ മിനിയേച്ചറുകൾ... വംശോന്മൂലനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഗാസയിലെ കുഞ്ഞുങ്ങൾക്കായി ഒരു ബൊമ്മക്കൊലു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നാടെങ്ങും ബൊമ്മക്കൊലു ആഘോഷിക്കുന്പോൾ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെടുന്ന ജനതയ്‌ക്കായി വ്യത്യസ്‌തമായ പ്രതിരോധമുയരുകയാണ് ‘പലവക’യിൽ. തൃശൂർ ചെന്പൂക്കാവ് പാർവതീ സദനത്തിലെ ‘പലവക’ യുടെ തട്ടിൻപുറത്താണ് ‘ഇങ്ക്’ എന്ന് പേരിട്ടിരിക്കുന്ന ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്.
യുദ്ധവെറി പൂണ്ടവരുടെ പോർവിളികൾക്കിടയിൽപ്പെട്ട് തങ്ങൾക്കറിയാത്ത കാരണങ്ങളാൽ പൊലിഞ്ഞുപോകുന്ന കുട്ടികൾക്കുവേണ്ടിയുള്ള വ്യത്യസ്‌തമായ പ്രതിരോധമായി മാറുകയാണ് ‘ഇങ്ക്’. റാഗിപ്പുല്ലും പാലും ചേർത്ത് ശിശുക്കൾക്ക് നൽകാൻ ഉണ്ടാക്കുന്ന കുറുക്കാണ് ‘ഇങ്ക്’. നാസി ആക്രമണത്തിൽനിന്ന് അഭയം തേടി തട്ടിൻപുറത്ത് ഒളിച്ചിരുന്ന് ആൻഫ്രാങ്ക് ഡയറി എഴുതിയതിനെ അനുസ്‌മരിച്ച് വീടിന്റെ തട്ടിൻപുറത്താണ് പ്രതിരോധ ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്. മരണം മുഖാമുഖം കാണുന്പോഴും കുഞ്ഞുജീവനും അടക്കിപ്പിടിച്ച് പതറാതെ തങ്ങളിവിടെയുണ്ട് എന്ന് ലോകത്തോട് വിളിച്ചുപറയുന്ന കുരുന്നുകൾക്കുള്ള ഐക്യദാർഢ്യമായി ചെറുമെഴുകുതിരികൾ കൊളുത്തി വച്ചാണ് ബൊമ്മക്കൊലുവിന് തുടക്കം കുറിച്ചത്. കൂടിനിന്നവരെല്ലാം ബൊമ്മക്കൊലു ഇല്ലുസ്‌ട്രേഷന് അഭിമുഖമായി ചെറു കടലാസുതോണികൾ നിരത്തി മനസ്സുകൊണ്ട് ഗാസയിലേക്ക് യാത്രചെയ്‌തു.
ചിത്രകാരൻ ഒ സി മാർട്ടിന്റെ പല്ലാങ്കുഴൽ വാദനത്തിന്റെ പശ്‌ചാത്തലത്തിലാണ് ‘ഇങ്കി’ന് തിരിതെളിഞ്ഞത്. നവരാത്രി ദിനമായ ഒക്‌ടോബർ രണ്ടുവരെ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് ആറുവരെ ചെന്പൂക്കാവ് പെൻഷൻ മൂലയിലുള്ള ‘പലവക’യുടെ തട്ടിൻപുറത്താണ് ‘ഇങ്ക്’ അരങ്ങേറുന്നത്. ചിത്രകാരി നിരഞ്ജന പലവകയുടെ നേതൃത്വത്തിലാണ് ‘ഇങ്ക്’ പ്രദർശനം.









0 comments