print edition മാധ്യമപ്രവർത്തകനെ ആക്ഷേപിച്ച് ജി സുധാകരനും ഭാര്യയും

ആലപ്പുഴ: മാധ്യമ പ്രവർത്തകനെ വ്യക്തിപരമായി ആക്ഷേപിച്ച് നിയുക്ത അമ്പലപ്പുഴ എംഎൽഎ ജി സുധാകരനും ഭാര്യ ജൂബിലി നവപ്രഭയും. മാധ്യമപ്രവർത്തകൻ മനീഷ് മഹിപാൽ സുധാകരന്റെ ആലപ്പുഴയിലെ വീട്ടിലെത്തി പ്രതികരണം തേടുന്നതിനിടെയാണ് സംഭവം. ‘തേഡ് റേറ്റ്, അച്ചാരംവാങ്ങി ചോദ്യം ചോദിക്കുന്നവൻ, കൈയിൽ മൈക്ക് ഉണ്ടെന്നുവച്ച് അധികം വിളയണ്ട ’ എന്നിങ്ങനെയായിരുന്നു അധിക്ഷേപം.
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കായംകുളം മണ്ഡലത്തെക്കുറിച്ചുള്ള ചോദ്യമാണ് സുധാകരനെ പ്രകോപിപ്പിച്ചത്. യു പ്രതിഭയുടെ പേര് പറഞ്ഞ ഉടനെ അനാവശ്യമായ കാര്യങ്ങൾ തന്നോട് ചോദിക്കണ്ടെന്നായി. ഇതിനിടെ ജൂബിലി നവപ്രഭയും ഇടപെട്ടു. മനീഷിന്റെ പേര് വിളിച്ച് അധികം വേണ്ട എന്ന് വിരൽചൂണ്ടി ജൂബിലി ഭീഷണിപ്പെടുത്തി.
എസ്‌ഡി കോളേജിൽ തന്റെ വിദ്യാർഥിയായിരുന്നു മനീഷെന്നും അന്ന് തനിക്കെതിരെ ഒത്തിരി കളിച്ചതാണെന്നും അവർ പറഞ്ഞു. ചോദ്യം ചോദിക്കുക എന്നത് തന്റെ ജോലിയാണെന്ന് മനീഷ് മറുപടി നൽകിയപ്പോൾ ‘തേഡ്റേറ്റ്’ എന്ന് ഭാര്യ അധിക്ഷേപിച്ചു. പിന്നിൽനിന്ന് പറയാതെ മൈക്കിന് മുന്നിൽവന്ന് പറയുമോയെന്ന ചോദ്യത്തിന് ഇത് തന്റെ വീടാണെന്നും വേണമെങ്കിൽ നിങ്ങൾക്ക് ഇറങ്ങിപ്പോകാമെന്നുമായിരുന്നു സുധാകരന്റെ മറുപടി. മാധ്യമപ്രവർത്തകൻ തേഡ്റേറ്റിലും താഴെയാണെന്ന് സുധാകരനും അധിക്ഷേപിച്ചു.










0 comments