സ്‌ത്രീകൾക്കായി ഐബിഎസിന്റെ ഫ്യൂച്ചര്‍ പോയിന്റ് ക്യാബ്സ്

കൊച്ചി
സ്‌ത്രീകൾക്ക് ടാക്സി ഡ്രൈവര്‍മാരായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഐബിഎസ് സോഫ്റ്റ്‌വെയർ ആരംഭിച്ച സാമൂഹിക ഉത്തരവാദിത്വ (സിഎസ്ആർ) സംരംഭമായ ഫ്യൂച്ചര്‍ പോയിന്റ് ക്യാബ്സ് വ്യവസായ-മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഇൻഫോപാർക്കിലെ ഐബിഎസ് സോഫ്റ്റ്‌വെയർ ക്യാമ്പസിൽ നടന്ന പരിപാടിയിൽ മന്ത്രി കാറുകൾ ഫ്ലാഗ് ഓഫ് ചെയ്തു. ലിംഗസമത്വ കേരളമെന്ന ആശയത്തിന് ഗുണകരമാകുന്ന സാമൂഹിക കാഴ്ചപ്പാട് ഈ ഉദ്യമത്തിനുണ്ടെന്ന് മന്ത്രി പറഞ്ഞു.
"ഫ്യൂച്ചർപോയിന്റ് ക്യാബ്‌സ്' എന്ന ഹ്രസ്വചിത്രം ഉമ തോമസ് എംഎൽഎ പ്രകാശിപ്പിച്ചു. യാത്രക്കാർക്ക് ടാക്സി ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കുന്ന "ഫ്യൂച്ചർപോയിന്റ് ക്യാബ്‌സ്' ആപ് ട്രാൻസ്‌പോർട്ട് കമീഷണർ സി നാഗരാജു പുറത്തിറക്കി. കലക്ടർ ജി പ്രിയങ്ക, ഡിസിപി വി മഹേഷ്, ഐബിഎസ് സോഫ്റ്റ്‌വെയർ എക്സിക്യൂട്ടീവ് ചെയർമാൻ വി കെ മാത്യൂസ് എന്നിവർ സംസാരിച്ചു.
പദ്ധതിയിൽ വനിതകൾക്ക് രണ്ടു മാസത്തെ സൗജന്യ പരിശീലനം കമ്പനി നൽകും. പരിശീലനം പൂർത്തിയാക്കിയ, ലൈസൻസുള്ള എല്ലാവർക്കും ഫ്യൂച്ചർപോയിന്റ് ക്യാബ്‌സിന്റെ ഡ്രൈവർ സർട്ടിഫിക്കറ്റ് ലഭിക്കും. ഐബിഎസ് സോഫ്റ്റ്‌വെയർ പുതിയ കാറുകൾ വാങ്ങിയാണ് ഇവർക്ക് നൽകുന്നത്. പരിശീലനം കഴിഞ്ഞ 13 ഡ്രൈവർമാർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചു. കൊച്ചിയിൽ അവർ പത്ത് കാറുകള്‍ ഓടിക്കുന്നുണ്ട്. ഐബിഎസ് സോഫ്റ്റ്‌വെയറിലെ ജീവനക്കാരുടെ യാത്രാവശ്യങ്ങൾക്കായി കൊച്ചി നഗരത്തിൽ മാത്രമാണ് ഇപ്പോൾ സേവനമുള്ളത്. 25 വനിതാ ഡ്രൈവർമാരുടെ പുതിയ ബാച്ചിന്റെ പരിശീലനം നടക്കുകയാണ്. ഡിസംബറിൽ 25 വാഹനങ്ങളുമായി കൊച്ചിയിലെ എല്ലാ കോർപറേറ്റുകൾക്കും ഈ സേവനം ലഭ്യമാകും. 2026 പകുതിയോടെ പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കും.









0 comments