Deshabhimani

print edition ബ്രിട്ടീഷുകാരെ വിറപ്പിച്ച കുഞ്ഞുതോണിക്കാരൻ

hghgh
avatar
ടി ചന്ദ്രമോഹൻ

Published on Oct 04, 2026, 01:37 AM | 4 min read

ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം മഹാന്മാരായ നേതാക്കളുടെയും പ്രക്ഷോഭങ്ങളുടെയും മാത്രം ചരിത്രമല്ല. ചരിത്രപുസ്തകങ്ങളിൽ എഴുതപ്പെടാതെപോയ സാധാരണ മനുഷ്യരുടെ ത്യാഗങ്ങളാണ് ആ ചരിത്രത്തിന് അടിത്തറ പാകിയത്. അത്തരത്തിൽ സ്വാതന്ത്ര്യസമരചരിത്രത്തിൽ എന്നും ജ്വലിച്ചുനിൽക്കുന്ന പേരാണ് ബാജി റൗത്‌ എന്ന 12 വയസ്സുകാരന്റേത്‌. സമൂഹത്തിന്റെ നാനാതുറകളിലുള്ള ആബാലവൃദ്ധം ജനങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിൽ അണിചേർന്നു. ബാല്യത്തിന്റെ നിഷ്കളങ്കതയ്ക്കപ്പുറം രാഷ്ട്രീയബോധവും ദേശസ്നേഹവും പ്രതിരോധവീര്യവും ഉൾച്ചേർന്നതിന്റെ തെളിവായിരുന്നു കുട്ടികളുടെ പങ്കാളിത്തം.


സ്വാതന്ത്ര്യസമരചരിത്രത്തിലെ ഹൃദയസ്പർശിയായ അധ്യായങ്ങളിലൊന്നാണ് ചെറുപ്രായത്തിൽത്തന്നെ സ്വന്തം ജനതയ്ക്കും രാജ്യത്തിനുംവേണ്ടി ജീവനേകിയ ഒഡിഷയിലെ ധെങ്കനാൽ ജില്ലയിലെ നീലകണ്ഠപുരത്തെ ബാജി റൗത്‌. ഏറ്റവും പ്രായം കുറഞ്ഞ സ്വാതന്ത്ര്യസമരസേനാനിയും ബാലരക്തസാക്ഷിയുമായ ബാജി റൗത്തിന്റെ ജീവിതം സാമ്രാജ്യത്വത്തിന്റെയും ഫ്യൂഡൽ അധികാരത്തിന്റെയും ഇരട്ടചൂഷണത്തിനെതിരായ ജനകീയപ്രതിരോധത്തിന്റെ ചരിത്രരേഖയാണ്. ബാജിയുടെ ജന്മശതാബ്ദി വർഷമാണ്‌ 2026.


uk

​

ബാജി റൗത്തും വാനരസേനയും

​

നാട്ടുരാജ്യമായിരുന്ന ഒഡിഷയിലെ നീലകണ്ഠപുർ ഗ്രാമത്തിൽ ഹരി റൗത്തിന്റെയും റാണിയ ദേബിയുടെയും ഇളയമകനായി 1926 ഒക്ടോബർ അഞ്ചിന് ബാജി റൗത് ജനിച്ചു. ബാല്യത്തിൽത്തന്നെ അച്ഛനെ നഷ്ടപ്പെട്ടു. ദരിദ്രയായ അമ്മയല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. അയൽവീടുകളിൽ ഉരലിൽ നെല്ലുകുത്തിയും മറ്റുമായിരുന്നു അമ്മ ഉപജീവനം നടത്തിയത്. കുടുംബത്തെ താങ്ങിനിർത്താനായി രണ്ട് ജ്യേഷ്ഠന്മാരും തുച്ഛമായ വരുമാനത്തിൽ അധ്വാനിച്ചു. ബ്രാഹ്മണി നദിയായിരുന്നു അവന്റെ ജീവിതത്തിന്റെ മറ്റൊരു ഭാഗം. ഉപജീവനത്തിനായി വള്ളം തുഴഞ്ഞു. നദിക്കരയിലെ ജീവിതം അവനെ പ്രകൃതിയോടൊപ്പം ജനങ്ങളുടെ ജീവിതദുരിതങ്ങളിലേക്കും അടുപ്പിച്ചു. ഒഡിയ കവിയും ജ്ഞാനപീഠ പുരസ്കാരജേതാവുമായ സച്ചിദാനന്ദ റൗത്രേ തന്റെ കാവ്യഭാഷയിൽ ബാജിയുടെ ബാല്യത്തെ ഇങ്ങനെ വരച്ചിടുന്നു: “പ്രകൃതിയുടെ പ്രക്ഷുബ്ധനായ ആ ബാലൻ, നീലാകാശത്തിനുകീഴിൽ നുരഞ്ഞൊഴുകുന്ന ബ്രാഹ്മണി നദിയിലൂടെ തന്റെ ചെറിയ വള്ളം തുഴയുന്നതിനിടെ കുഴൽ വായിച്ചുകൊണ്ട് മണിക്കൂറുകൾ ചെലവഴിച്ചു.”


കൊളോണിയൽ -നാടുവാഴിത്ത ചൂഷണത്തിന്റെ യാഥാർഥ്യങ്ങൾ അവൻ അറിഞ്ഞത് അമ്മയിൽനിന്നായിരുന്നു. ഒരിക്കൽ ബാജി അമ്മയോട് കഞ്ഞിക്ക്‌ അൽപ്പം ഉപ്പ് ചോദിച്ചു. എന്നാൽ, രാജാവ് ഏർപ്പെടുത്തിയ കനത്ത നികുതി കാരണം ഉപ്പ് വാങ്ങിയിട്ടില്ലെന്ന് അമ്മയുടെ മറുപടി. നിത്യോപയോഗസാധനങ്ങൾക്കുപോലും ചുമത്തിയിരുന്ന അമിതനികുതി കുടുംബജീവിതത്തെ നേരിട്ട് ബാധിക്കുന്നുവെന്ന്‌ ബാജി മനസ്സിലാക്കി.

കോടിക്കണക്കിന് മനുഷ്യർ പരിതാപകരമായ ജീവിതത്തിൽ കഴിഞ്ഞപ്പോൾ ഭരണാധികാരികളും ആശ്രിതരും ജനങ്ങളുടെ അധ്വാനത്തിന്റെ ചെലവിൽ ആഡംബരത്തിലും സമൃദ്ധിയിലും ജീവിച്ചു. ഈ പശ്ചാത്തലത്തിൽ ധെങ്കനാലിലെ സ്വേച്ഛാധിപതിയായ രാജാവ് ശങ്കർ പ്രതാപ് സിങ്‌ ദേവിനെതിരെ ജനകീയ പ്രജാമണ്ഡൽ പ്രസ്ഥാനം ശക്തിപ്പെട്ടു. അതിന്റെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു വൈഷ്ണവ ചരൺ പട്‌നായിക്. പ്രദേശത്തിന്റെ ചുമതലയുള്ള അദ്ദേഹത്തെ ജനങ്ങൾ വീർ വൈഷ്ണവ് എന്നാണ് വിളിച്ചിരുന്നത്. ഗ്രാമങ്ങളിൽ നിരന്തരം യോഗങ്ങളും ചർച്ചകളും നടന്നു.


​പട്‌നായിക്കിന്റെ നേതൃത്വത്തിൽ ഭുബൻ, നീലകണ്ഠപുർ ഗ്രാമങ്ങളിലെ കുട്ടികളെ ഉൾപ്പെടുത്തി പ്രജാമണ്ഡൽ ‘വാനരസേന’ രൂപീകരിച്ചു. ഈ സംഘത്തിലെ അംഗങ്ങളെ അഭിസംബോധന ചെയ്ത്, രാജാവിന്റെ ദുർഭരണത്തെക്കുറിച്ച് പട്‌നായിക് സംസാരിച്ചു. ആ പ്രസംഗങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ട ബാജിയും സജീവമായി. ബ്രിട്ടീഷ് പൊലീസിന്റെ നീക്കങ്ങൾ നിരീക്ഷിക്കുക, സൈനികസംഘങ്ങളുടെ വരവും പോക്കും സംബന്ധിച്ച വിവരങ്ങൾ കൈമാറുക, പൊലീസിനെ ബ്രാഹ്മണി നദിയിലൂടെ ഗ്രാമത്തിലേക്ക് കടത്തിവിടാതിരിക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ബാജിയും കൂട്ടുകാരും ഏറ്റെടുത്തു. സാമ്രാജ്യത്വത്തിനെതിരെ പാട്ടുപാടി ജനങ്ങളെ പ്രസ്ഥാനത്തിൽ ചേരാൻ ആഹ്വാനം ചെയ്തു. മുദ്രാവാക്യഗാനത്തിന്റെ വരികൾ ഇങ്ങനെയായിരുന്നു:“ഇബേ മന ദെയ് സുന ഥരെ ദലാൽ ദലാ, ബേല ആസിലാനി ചാപി ദേബ പ്രജാമണ്ഡലാ” (സാമ്രാജ്യത്വത്തിന്റെ ദല്ലാൾക്കൂട്ടമേ, ശ്രദ്ധിച്ചുകേൾക്കൂ, നിങ്ങളുടെ അന്ത്യകാലം വന്നിരിക്കുന്നു, പ്രജാമണ്ഡൽ നിങ്ങളെ തകർത്തുകളയും)


op

​

​ധെങ്കനാലിലെ ചെങ്കനൽ

​

1930-കളിൽ ഒഡിഷയിലെ നാട്ടുരാജ്യങ്ങളുടെ ഏകാധിപത്യഭരണത്തിനും അമിതനികുതിക്കും പൗരാവകാശനിഷേധത്തിനും എതിരെ ജനങ്ങൾ സംഘടിച്ചു. പ്രജാമണ്ഡൽ പ്രസ്ഥാനമായിരുന്നു ആ പ്രതിരോധത്തിന്റെ പ്രധാന രൂപം. ധെങ്കനാലിലും ശക്തിപ്പെട്ട പ്രസ്ഥാനത്തെ രാജഭരണം അടിച്ചമർത്താൻ ശ്രമിച്ചു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പിന്തുണ നാട്ടുരാജാക്കന്മാർക്കായിരുന്നു. 1938 സെപ്തംബറിൽ ബ്രിട്ടീഷ് സൈന്യം ധെങ്കനാലിലെ രാജഭരണത്തെ സഹായിക്കാൻ എത്തിയതായി ഒഡിഷ സർക്കാരിന്റെ ചരിത്രരേഖകൾ വ്യക്തമാക്കുന്നു.

അതുകൊണ്ട് ധെങ്കനാലിലെ പോരാട്ടം ഒരു രാജാവിനെതിരായ പ്രാദേശിക പ്രതിഷേധം മാത്രമായിരുന്നില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും അതിന്റെ സംരക്ഷണത്തിൽ നിലനിന്ന ഫ്യൂഡൽ അധികാരഘടനയ്ക്കും എതിരായിരുന്നു അത്. സമരത്തെ തകർക്കാൻ ജനങ്ങളെ ജയിലിലടയ്ക്കുകയും ഗ്രാമങ്ങളിൽ നിരന്തരം പൊലീസ് റെയ്ഡുകൾ നടത്തി വീടുകളും സ്വത്തുക്കളും നശിപ്പിക്കുകയും ചെയ്തു. അത്തരം ഭീതിയുടെ കാലത്താണ് ബാജി റൗത്‌ വളർന്നത്.


​1938 ഒക്ടോബർ 11; ധെങ്കനാലിൽ രാത്രി കനത്തു. ബ്രാഹ്മണി നദിക്കരയിൽ കാറ്റ് വീശി. ഗ്രാമങ്ങൾ ഉറക്കത്തിലേക്ക് വഴുതി. അതൊരു സാധാരണ രാത്രിയായിരുന്നില്ല. പ്രജാമണ്ഡൽ പ്രസ്ഥാനത്തെ അടിച്ചമർത്താൻ പൊലീസ് നടത്തിയ ക്രൂരനടപടികളുടെ തുടർച്ചയായിരുന്നു അത്. ഭുബൻ ഗ്രാമത്തിൽ വെടിവയ്‌പ്‌ നടന്നു. നിരവധിപേർ കൊല്ലപ്പെട്ടു. അറസ്റ്റിലായവരുമായി പൊലീസ് സംഘം നദി കടക്കാൻ നീലകണ്ഠപുരം ഘട്ടിലെത്തി. അവിടെ അവരെ കാത്തിരുന്നത് ഒരു സായുധസംഘമായിരുന്നില്ല. പന്ത്രണ്ടുകാരനായ ബാജി റൗത്തായിരുന്നു– വള്ളത്തിന്റെ കാവൽക്കാരൻ. വള്ളത്തിൽ ഉറങ്ങുകയായിരുന്ന അവനെ പൊലീസ് ഉണർത്തി. നദി കടത്തിവിടാൻ ആവശ്യപ്പെട്ടു. തോക്കുകൾ അവനുനേരെ ചൂണ്ടി. ഭുബനിൽ നടന്ന ക്രൂരതയുടെ വാർത്ത ബാജി അറിഞ്ഞിരുന്നു. ജനങ്ങളെ വെടിവച്ചുകൊന്നവരെ തന്റെ വള്ളത്തിൽ നദി കടത്തിവിടുക എന്നത് അവന് അംഗീകരിക്കാനായില്ല. അവൻ ഉറച്ചശബ്ദത്തിൽ പറഞ്ഞു:

‘ഈ വള്ളം പ്രജാമണ്ഡലത്തിന്റേതാണ്. ജനങ്ങളുടെ ശത്രുക്കളായ നിങ്ങൾക്ക് ഇത് നൽകാനാകില്ല.’ പൊലീസുകാർ അവനെ പിടിച്ചുലച്ചു. തോക്കിന്റെ പാത്തികൊണ്ട് തലയിൽ അടിച്ചു. ബാജി നിലത്തുവീണു. കരയിലേക്ക് ചാടി പ്രജാമണ്ഡൽ പ്രവർത്തകരെ വിളിച്ചു. വള്ളത്തിന്റെ കയർ പൊലീസ് മുറിച്ചു. വള്ളം നദിയിലേക്ക് നീങ്ങി. അൽപ്പദൂരം പിന്നിട്ടപ്പോൾ തോക്കുകൾ വീണ്ടും ഉയർന്നു.


വെടിയൊച്ച ബ്രാഹ്മണിയുടെ ഇരുട്ടിനെ കീറി. ആ രാത്രിയിൽ ഏഴുപേർ കൊല്ലപ്പെട്ടു. ബാജി റൗത്തിനൊപ്പം ഹുരുഷി പ്രധാൻ, ലക്ഷ്മൺ മല്ലിക്, രഘു നായക്, ഗൂരി നായക്, നത മല്ലിക്, ഫാഗു സാഹു എന്നിവരും രക്തസാക്ഷികളായി. 1938 ഒക്ടോബർ 13-ന് കട്ടക്കിലെ ഖാൻനഗറിൽ, കഠജോഡി നദിക്കരയിൽ, സോഷ്യലിസ്റ്റ് നേതാക്കളായ സചി റൗട്രേ, അനന്ത പട്ടനായക്, രബി ഘോഷ്, മോട്ടിലാൽ ത്രിപാഠി, ഗോവിന്ദ ത്രിപാഠി എന്നിവർ ഏഴു രക്തസാക്ഷികളുടെയും അന്ത്യകർമങ്ങൾ നടത്തി. ചിതയിലെ തീ ഉയർന്നു. ആ തീ സച്ചിദാനന്ദ റൗത്രേയുടെ കവിമനസ്സിലും പടർന്നു. ബാജി റൗത്തിന്റെ രക്തസാക്ഷിത്വത്തെ അനശ്വരമാക്കിയ വരികൾ ഇങ്ങനെ:

‘‘ഇത് ഒരു ശവസംസ്കാരച്ചിതയിലെ തീയല്ല,

ഇരുട്ടിലായ രാജ്യത്തിന്റെ സ്വാതന്ത്ര്യവെളിച്ചമാണ്.

നമ്മുടെ മോചനത്തിന്റെ അഗ്നിയാണിത്’’


io

​

റൗത്തിന്റെ ധീരത തലമുറകളിലേക്ക്‌

​

ബാജി റൗത്തിന്റെ കഥ ഒരു ബാലന്റെമാത്രമല്ല, ജനങ്ങളുടെ അവകാശത്തിനായി ഭയം മറികടന്ന ധൈര്യത്തിന്റെ കഥയാണ്. ബ്രാഹ്മണി നദി ഇന്നും ഒഴുകുന്നു. കാലം ഏറെ മുന്നോട്ടുപോയി. പക്ഷേ, 1938 ഒക്ടോബർ 11ന്റെ ആ രാത്രിയിൽ, തോക്കുകൾക്കുമുന്നിലും തന്റെ വള്ളം വിട്ടുകൊടുക്കാതിരുന്ന ബാലന്റെ ശബ്ദം ചരിത്രത്തിൽ മുഴങ്ങുന്നു. ബാജി റൗത്‌, ഒരു ജനതയുടെ പ്രതിരോധത്തിന്റെ ഓർമ... സ്വാതന്ത്ര്യസമരത്തിന്റെ അണയാത്ത തീ... സാമ്രാജ്യത്വത്തിന്റെ തോക്കുകൾക്കുമുന്നിൽ ഒരു ബാലന്റെ രക്തം വീണപ്പോൾ ജനകീയപ്രതിരോധം കൂടുതൽ ദൃഢമാക്കി. സ്വാതന്ത്ര്യം പ്രസംഗങ്ങളിലൂടെയോ പ്രമേയങ്ങളിലൂടെയോമാത്രം നേടിയെടുത്തതല്ലെന്നും സാധാരണ മനുഷ്യരുടെ ജീവിതങ്ങളിലൂടെയും രക്തസാക്ഷിത്വങ്ങളിലൂടെയും രൂപപ്പെട്ടതാണെന്നും ബാജി റൗത്തിന്റെ ജീവിതം ഓർമിപ്പിക്കുന്നു.


​ജ്ഞാനപീഠം ജേതാവായ ഒഡിയ കവി സച്ചിദാനന്ദ റ‍ൗത്രേ എഴുതിയ ‘തോണിക്കാരൻ’ എന്ന കവിതമാത്രമല്ല, മറ്റു നിരവധി സാഹിത്യരചനകളിലും ചരിത്രരേഖകളിലും പുസ്‌തകങ്ങളിലും ബാജി റ‍ൗത്തിന്റെ ജീവിതം പരാമർശിക്കുന്നുണ്ട്‌. ബാജിയുടെ പോരാട്ടജീവിതം അഭ്രപാളിയിലുമെത്തി. ‘വീർ ബാജി റ‍ൗത്‌: ദി അൺസങ്‌ ഹീറോ’ എന്ന ഹിന്ദി ചിത്രം അഭിഷേക്‌ പഹലും സിദ്ധാർഥും ചേർന്നാണ്‌ ഒരുക്കിയത്‌. ഒഡിഷയിലെ റാവൻഷോ സർവകലാശാലാ വിദ്യാർഥികൾ ‘ബാജി റ‍ൗത്‌: ഇന്ത്യാസ്‌ യങ്ങസ്റ്റ്‌ ഫ്രീഡം ഫൈറ്റർ’ എന്ന ഹ്രസ്വചിത്രവും ഒരുക്കിയിരുന്നു. ധെങ്കനാലിൽ വിവിധ പ്രദേശങ്ങളിൽ ബാജിയുടെ പ്രതിമകളും സ്‌കൂൾ കവാടങ്ങളും സ്ഥാപിച്ചിട്ടുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home