ad
Deshabhimani

print edition യുഡിഎഫ്‌ മന്ത്രിസഭ ചുമതലയേറ്റു

UDF.jpg

മുഖ്യമന്ത്രിയായി വി ഡി സതീശൻ ഗവർണർ ആർ വി ആർലേക്കറിനുമുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 19, 2026, 12:35 AM | 2 min read

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ്‌ മന്ത്രിസഭ സത്യപ്രതിജ്ഞചെയ്‌ത്‌ അധികാരമേറ്റു. സെൻട്രൽ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.


മുഖ്യമന്ത്രി വി ഡി സതീശനൊപ്പം പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി പി ജോൺ, എ പി അനിൽകുമാർ, എൻ ഷംസുദ്ദീൻ, പി സി വിഷ്‌ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്‌ണ, എം ലിജു, കെ എം ഷാജി, പി കെ ബഷീർ, വി ഇ അബ്‌ദുൾ ഗഫൂർ, ടി സിദ്ദിഖ്, കെ എ തുളസി, ഒ ജെ ജനീഷ് എന്ന‍ിവരാണ്‌ സത്യപ്രതിജ്ഞ ചെയ്‌തത്.


തുടർന്ന്‌ മുഖ്യമന്ത്രിയും മന്ത്രിമാരും ലോക്‌ഭവനിൽ ഗവർണറുടെ ചായസൽക്കാരത്തിൽ പങ്കെടുത്തു. തുടർന്ന്‌ മുഖ്യമന്ത്രി സെക്രട്ടറിയറ്റിലെ നോർത്ത്‌ ബ്ലോക്കിലെ ഓഫീസിലെത്തി ചുമതലയേറ്റെടുത്തു. ശേഷം ആദ്യ മന്ത്രിസഭായോഗം ചേർന്നു.


മുൻ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവുമായ പിണറായി വിജയൻ, ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, എഐസിസി പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ദീപ ദാസ്‌മുൻഷി, കെ സി വേണുഗോപാൽ, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖർ, ചീഫ് സെക്രട്ടറി എ ജയതിലക് തുടങ്ങിയവർ പങ്കെടുത്തു.


ആശമാർക്ക് 21,000 ഇല്ല; സ‍ൗജന്യയാത്ര 15 മുതലെന്ന്


തിരുവനന്തപുരം: കെഎസ്‌ആർടിസി ബസിൽ സ്‌ത്രീകൾക്ക്‌ ജൂൺ 15 മുതൽ സ‍ൗജന്യയാത്ര നടപ്പാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ. ആദ്യ മന്ത്രിസഭായോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


വിശദാംശങ്ങൾ പിന്നീട്‌. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്‌ രൂപീകരിക്കും. ആശമാരുടെ ഓണറേറിയം 3000 രൂപ വർധിപ്പിക്കും. നിലവിലെ 9000 ഇതോടെ 12,000 ആകും.


അംഗൻവാടി ജീവനക്കാരുടെയും പ്രീപ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും ഓണറേറിയവും 1000 രൂപ വർധിപ്പിക്കും. ആശമാരുടെ റിട്ടയർമെന്റ്‌ ആനുകൂല്യത്തിന്റെ കാര്യം ഒരു മാസത്തിനകം തീരുമാനിക്കും.

അഡ്വക്കറ്റ്‌ ജനറലായി ജാജു ബാബുവിനെയും ഡയറക്‌ടർ ജനറൽ ഓഫ്‌ പ്രോസിക്യൂഷനായി ടി ആസഫലിയെയും നിയമിക്കും.


ആലപ്പുഴയിൽ പ്രതിഷേധത്തിൽ പങ്കെടുത്തവരെ പൊലീസ്‌ തല്ലിയെന്ന പരാതിയിൽ പുനരന്വേഷണം നടത്തും. മഴക്കാലപൂർവ പ്രവർത്തനങ്ങൾ വേഗത്തിലാക്കും. സാമ്പത്തികസ്ഥിതിയെ കുറിച്ച്‌ ധവളപത്രം പുറത്തിറക്കും. സെക്രട്ടറിയറ്റിൽ മാധ്യമവിലക്ക്‌ എന്ന ആക്ഷേപം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home