വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരനെ കടിച്ചുകീറി തെരുവുനായ

തിരൂർ: തിരൂരിൽ നാലു വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന, വെട്ടം പരിയാപുരം കോവളം സ്വദേശി നടക്കായി പറമ്പിൽ അബ്ദുൾ ജബ്ബാറിന്റെ മകൻ ഐസാമിനാണ് (4) തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് നായയുടെ പിടിയിൽനിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്. ആക്രമണത്തിൽ കുട്ടിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. കൈയ്ക്കേറ്റ പരിക്ക് ഗുരുതരമാണ്.
പരുക്കേറ്റ കുട്ടിയെ ഉടൻതന്നെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടിയെ വീട്ടിലേക്ക് അയച്ചു. എന്നാൽ കുട്ടിയുടെ കൈയിലെ മുറിവ് സാരമുള്ളതായതിനാൽ ഞായറാഴ്ചയോടെ ആശുപത്രിയിൽ അഡ്മിറ്റാകാൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.










0 comments