print edition യുവതിയുടെ പരാതിയിൽ 4 പേർ അറസ്റ്റിൽ: ഉറിയടി ഘോഷയാത്രയിൽ ആർഎസ്എസുകാർ തമ്മിലടിച്ചു

മാന്നാർ: ചെന്നിത്തല കാരാഴ്മ ഉലച്ചിക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശ്രീകൃഷ്ണജയന്തി ദിനത്തിൽ നടന്ന ഉറിയടിക്കിടെ ആർഎസ്എസ് പ്രവർത്തകർ തമ്മിലടിച്ചു. യുവതിയുടെ പരാതിയിൽ നാലുപേരെ അറസ്റ്റ് ചെയ്തു. ചെന്നിത്തല നാമ്പോഴിൽ പ്രമോദ് (43), ചെന്നിത്തല ഐശ്വര്യ വീട്ടിൽ ബിനു (47), കാരാഴ്മ വാരോട്ടിൽ സജി (35), കാരാഴ്മ പൗവ്വത്തിൽ സുനിൽകുമാർ (43) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
ചെന്നിത്തല സ്വദേശിനിയും സഹോദരനും സുഹൃത്തുക്കളും ശ്രീകൃഷ്ണ ജയന്തി ദിനമായ വെള്ളി രാത്രി എട്ടിന് കാരാഴ്മ ഉലച്ചിക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നിൽ നടന്ന ഉറിയടിയിൽ പങ്കെടുത്തിരുന്നു. ഉറിയടിക്കിടെ പൊട്ടി താഴെ വീണ മിഠായി എടുക്കുന്നതിനിടെ യുവതിയുടെ സഹോദരനെയും സുഹൃത്തുക്കളെയും പ്രതികൾ കൂട്ടം ചേർന്ന് മർദിച്ചു.
ഇത് കണ്ട യുവതി സഹോദരനെയും സുഹൃത്തുക്കളെയും അക്രമികളിൽനിന്ന് രക്ഷിക്കാൻ തടസം നിന്നു. തുടർന്ന് യുവതിയെയും ആക്രമച്ചു. അസഭ്യം പറയുകയും ഷാൾ വലിച്ചുകീറി ഇടതുകൈ പിടിച്ച് തിരിച്ചതായും യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സുനിൽകുമാർ പത്തോളം കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇവരെ റിമാൻഡ് ചെയ്തു.









0 comments