ad
Deshabhimani

'പ്ലാവിനും ചക്കയ്ക്കും' ഇനി വനംവകുപ്പിന്റെ കാവൽ; ആനകളെത്തും മുമ്പ് ചക്ക ശേഖരിക്കും

forest department jackfruit tree

എഐ പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Sep 26, 2026, 09:17 PM | 1 min read

നിലമ്പൂർ : മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കാനുള്ള സർക്കാർ പൈലറ്റ് പദ്ധതിയിൽ വനമേഖലയിലെ പ്ലാവുകളിലെ ചക്കയും വനംവകുപ്പിന്റെ നിരീക്ഷണത്തിലാകും. കായ്ച പ്ലാവുകൾ കണ്ടെത്തി ചക്കയുടെ വളർച്ച നിരീക്ഷിക്കുകയും ആനകളെ ആകർഷിക്കുംമുമ്പ് ഇടിച്ചക്ക പരുവത്തിൽതന്നെ പറിച്ചെടുക്കുകയും ചെയ്യണമെന്നാണ് നിർദേശം. ശേഖരിക്കുന്ന ചക്ക മൂല്യവർധന ഉൽപ്പന്നങ്ങളാക്കി മാറ്റാനും പദ്ധതിയിൽ നിർദേശമുണ്ട്. നൂറുദിന പരിപാടിയുടെ ഭാഗമായാണ് പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയത്.


വനമേഖലയിലെ പ്ലാവുകൾ കണ്ടെത്തി കായ്കളുടെ വളർച്ച നിരീക്ഷിക്കണം. ഇടിച്ചക്ക പരുവത്തിലെത്തുന്നവ വനംവകുപ്പ് ജീവനക്കാർ ശേഖരിക്കണം. ചക്ക പഴുത്ത് ആനകൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. എന്നാൽ പുതിയ ചുമതലയെച്ചൊല്ലി വനംവകുപ്പിനുള്ളിൽതന്നെ എതിർപ്പുയർന്നിട്ടുണ്ട്. പ്ലാവുകൾ കണ്ടെത്തുക, കായ്ക്കുന്ന മരങ്ങൾ നിരീക്ഷിക്കുക, കൃത്യസമയത്ത് ചക്ക പറിച്ചെടുക്കുക തുടങ്ങിയ ജോലികൾ ജീവനക്കാർക്ക് അധികബാധ്യതയാകുമെന്നാണ് ആശങ്ക.


വനത്തിൽ സ്വാഭാവികമായി ലഭിക്കുന്ന ഭക്ഷണസ്രോതസ്സുകളുടെ ലഭ്യത ആനകളുടെ സഞ്ചാരത്തെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്ന സാഹചര്യത്തിൽ പ്ലാവിലെ ചക്ക നീക്കംചെയ്യുന്നത് സംഘർഷം കുറയ്ക്കുന്നതിൽ എത്രത്തോളം ഫലപ്രദമാകുമെന്ന ചോദ്യവും ഉയരുന്നു. ആനശല്യം നിയന്ത്രിക്കാൻ ഭക്ഷണസ്രോതസ്സുകൾ കൈകാര്യംചെയ്യുന്നതിനൊപ്പം ശാസ്ത്രീയവും ദീർഘകാലവുമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് ആവശ്യം. മൂല്യവർധന ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിലൂടെ വനംവകുപ്പിന് വരുമാനം ലഭിച്ചേക്കാമെങ്കിലും ഇതുകൊണ്ട് മനുഷ്യ–വന്യജീവി സംഘർഷത്തിന് സ്ഥിരമായ പരിഹാരം കാണാനാകില്ലെന്നാണ് കർഷകരടക്കമുള്ളവർ പറയുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home