'പൂക്കളവും ഓണക്കളികളും'; ഓണം മൂഡിൽ വിദേശ സഞ്ചാരികളും

തിരുവനന്തപുരം: മലയാളക്കരയുടെ ഓണംമൂഡിൽ പങ്കുചേർന്ന് വിദേശ സഞ്ചാരികളും. കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി യുകെ, ഫ്രാൻസ്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം, തായ്‌വാൻ, നേപ്പാൾ, ശ്രീലങ്ക, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് ഓണക്കാലത്ത് കേരളത്തിലെത്തിയത്. ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുമുള്ള റെസ്പോൺസിബിൾ ടൂറിസം നേതാക്കൾ, അക്കാദമിഷ്യൻമാർ, പ്രമുഖ ടൂർ ഓപ്പറേറ്റർമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
നമ്മുടെ സാഹോദര്യവും ഐക്യവും വിളിച്ചോതുന്ന ഓണോത്സവത്തെ സാർവദേശീയ തലത്തിൽ പ്രചരിപ്പിച്ചുകൊണ്ട് ഓണക്കാലത്ത് വിദേശ സഞ്ചാരികളെ കേരളത്തിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനം തുടരുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിൻ്റെ ഗ്രാമീണ ജീവിതവും വ്യത്യസ്തങ്ങളായ ആഘോഷവും പൂക്കളവും ഓണക്കളികളും ഓണസദ്യയും ഒക്കെ നേരിട്ട് അനുഭവിച്ചുകൊണ്ടാണ് അവർ യാത്ര നടത്തുന്നത്. നമ്മുടെ ഓണത്തിൻ്റെ സന്ദേശം ലോകമാകെ പടരുവാനും വരും വർഷങ്ങളിൽ കൂടുതൽ വിദേശ വിനോദ സഞ്ചാരികൾ ഓണക്കാലത്ത് കേരളത്തിലേക്ക് എത്തുവാനും ഈ പ്രവർത്തനങ്ങൾ ഒരു തുടക്കമായിരിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.










0 comments