Deshabhimani

വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാർവതി മായ ഷാജി മുൻകൂർ ജാമ്യം തേടി

parvathy maya shaji

പാർവതി മായ ഷാജി

വെബ് ഡെസ്ക്

Published on Oct 05, 2026, 09:57 PM | 1 min read

കൊച്ചി: വിദേശജോലി വാഗ്‌ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി ആംസറ്റർ ഓവർസീസ് സ്ഥാപനയുടമ പാർവതി മായ ഷാജി നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി സർക്കാറിന്‍റെ വിശദീകരണം തേടി. കൂടുതൽ പരാതികളുടെ അടിസ്ഥാനത്തിൽ വീണ്ടും അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സമാനമായ രണ്ട് കേസുകളിൽ ജാമ്യത്തിൽ കഴിയുന്ന പാർവതി മുൻകൂർ ജാമ്യ ഹർജി നൽകിയത്.


പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ അറസ്റ്റിലായി രണ്ട് ദിവസം റിമാൻഡിലായിരുന്ന ഹർജിക്കാരിക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നു. നോട്ടീസ് നൽകാതെയായിരുന്നു അറസ്റ്റെന്നും നോട്ടീസ് നൽകി മാത്രമെ അറസ്റ്റടക്കം തുടർ നടപടികൾ സ്വീകരിക്കാവൂ എന്ന് ഉത്തരവിടണമെന്നുമാണ് ഹർജിയിലെ ആവശ്യം.


പാർവതി മായ ഷാജിയുടെ ഭര്‍ത്താവ് അനീഷ് മേനോന്‍, മാനേജര്‍മാരായ അഭിജിത്ത്, അജു കെ മാത്യു, വിഷ്ണു വിജയന്‍, ഷാജി എന്നിവർക്കായുള്ള അന്വേഷണവും നടക്കുന്നു. പോളണ്ട്, അര്‍മേനിയ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങളാണ്‌ സംഘം തട്ടിയെടുത്തത്‌.


മാനവവിഭവശേഷി മന്ത്രാലയത്തിനുകീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് (പിഒഇ) ലൈസന്‍സടക്കം ഇല്ലാതെയാണ് ഇവരുടെ ഇടപ്പള്ളിയിലെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന്‌ പൊലീസ്‌ കണ്ടെത്തിയിരുന്നു. വഞ്ചന, ഇമിഗ്രേഷന്‍ ആക്ട് ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 2023 മുതല്‍ 2025 വരെ നിരവധി ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം തട്ടിയെന്ന പരാതിയിലാണ് നടപടി. വിദേശ പണമിടപാടുകൾ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പാലാരിവട്ടം പൊലീസ്‌ ഡിആർഐയ്‌ക്കും ഇഡിക്കും റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home