ad
Deshabhimani

print edition കൊച്ചിയിൽ ഇൻഫോപാർക്ക്‌ ഫ്ലക്‌സി ഓഫീസ് സ്‌പേസ്‌ ; ‘ഐ ബൈ ഇൻഫോപാർക്ക്‌’ തുറന്നു

flexi office space
വെബ് ഡെസ്ക്

Published on Oct 29, 2025, 03:13 AM | 1 min read


കൊച്ചി

എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽ ഇൻഫോപാർക്ക്‌ നേതൃത്വത്തിൽ ഒരുക്കിയ പ്രീമിയം കോ വർക്കിങ്‌ സ്പേസ് ‘ഐ ബൈ ഇൻഫോപാർക്കി'ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ഐടി വകുപ്പിന്റെ ‘റീ കോഡ്‌ കേരള’ സെമിനാറിലാണ്‌ ഉദ്‌ഘാടനം നിർവഹിച്ചത്‌. ഐ ബൈ ഇൻഫോപാർക്കിലെ ആദ്യ കമ്പനി സോഹോ കോർപറേഷന്റെ അനുമതിപത്രം സോഹോ യുഎസ്എ സിഇഒ ടോണി തോമസിന് മുഖ്യമന്ത്രി കൈമാറി. പൂർണമായി കേരളത്തിൽ രൂപകൽപ്പന ചെയ്ത ആദ്യ വൈഫ്‌ ജി ചിപ്പ്‌, സിലീസിയം സർക്യൂട്ട് സിഇഒ റിജിൽ ജോണിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പുറത്തിറക്കി.


ആറു നിലകൾ, 
600 പേർക്ക്‌ ജോലി

ആറുനിലകളിൽ 48,000 ചതുരശ്രയടി കെട്ടിടത്തിൽ 582 പേർക്ക്​ ജോലി ചെയ്യാം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്‌ (കെഎംആർഎൽ) സഹകരണത്തോടെയാണ്‌ പദ്ധതി. യാത്രാസൗകര്യങ്ങളും നവീന ഓഫീസ് സൗകര്യങ്ങളും സംയോജിക്കുന്ന പ്രീമിയം വർക് സ്‌പെയ്‌സ്, കോ–-വർക്കിങ് സ്‌പെയ്സ് മാതൃകകളിൽ ഒരുങ്ങുന്ന ഓഫീസ് സൗകര്യം ഐടി, ഐടി ഇതര കമ്പനികൾക്കും ജീവനക്കാർക്കും ഉപയോഗപ്പെടുത്താം. ഭക്ഷണമുറി, പരിപാടികൾ നടത്താനുള്ള സ്ഥലം, പാർക്കിങ് തുടങ്ങിയ സൗകര്യങ്ങളുമൊരുക്കും. വനിതകൾക്ക് സുരക്ഷിത തൊഴിൽ അന്തരീക്ഷം ഒരുക്കാനും അന്താരാഷ്ട്ര കമ്പനികൾക്ക് ജീവനക്കാരെ വർക് ഫ്രം ഹോമിനുപകരം പ്രീമിയം വർക് സ്‌പെയ്‌സിൽ വിനിയോഗിക്കാനും കഴിയുന്നവിധത്തിലാണ് ഓഫീസുകളുടെ ഘടന.


അതിവേഗ ഇന്റർനെറ്റ്, മുഴുവൻസമയ വൈദ്യുതി എന്നിവയുണ്ട്​. ഗിഗ് വർക്കർമാർ, ഫ്രീലാൻസർമാർ, ബഹുരാഷ്ട്ര കമ്പനികൾ, ഐടി/ഐടി അനുബന്ധ സ്ഥാപനങ്ങൾ, കേരളത്തിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജിസിസി) സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ എന്നിവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

തൊഴിലിട രൂപകല്‍പ്പനയില്‍ ആഗോളതലത്തില്‍ സ്വീകരിക്കപ്പെട്ടുവരുന്ന ‘സ്‌പെക്ട്ര' ന്യൂറോഡൈവേഴ്സിറ്റി- സൗഹൃദ ആശയത്തിലൂന്നിയാണ് ഓരോ നിലയുടെയും രൂപകല്‍പ്പന. വൈവിധ്യ ചിന്താശേഷിയുള്ളവരെ ഉൾക്കൊള്ളുന്ന ഇത്തരം ഐടി മാതൃക സംസ്ഥാനത്ത് ആദ്യമാണ്‌​.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home