print edition കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചിൽ; മരണം അഞ്ചായി; പ്രദേശവാസിക്കായി തിരച്ചിൽ

മലപ്പുറം കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ സജിതയ്ക്കുവേണ്ടി തിരച്ചിൽ നടത്തുന്ന ട്രെമോ കെയർ സംഘം
പൂക്കോട്ടുംപാടം (മലപ്പുറം): നിലമ്പൂർ പൂക്കോട്ടുംപാടം ടി കെ കോളനിയിൽ കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് മരിച്ചവർ അഞ്ചായി. കാണാതായ പ്രദേശവാസി സജിതയ്‌ക്കായി തിരച്ചിൽ തുടരുന്നു. കോട്ടക്കൽ എടരിക്കോട് ടൗണിലെ അനസ് മങ്ങാടൻ (31), തിരൂർ പയ്യനങ്ങാടി പരന്നേപ്പറമ്പിൽ മുഹമ്മദ്‌കുട്ടി (68), കരുവാരക്കുണ്ട് തരിശിലെ സ്രാമ്പിക്കൽ റഹിം (35), വണ്ടൂർ കോട്ടക്കുന്നിലെ കുപ്പനത്ത് സജാദ് (22), വണ്ടൂർ ചെട്ടിയാറമ്മൽ കറുപ്പത്ത് റഫീഖ് (41) എന്നിവരാണ് മരിച്ചത്. അനസിന്റെയും മുഹമ്മദ്കുട്ടിയുടെയും മൃതദേഹം ഞായറാഴ്ച രാത്രി കണ്ടെത്തിയിരുന്നു. മറ്റുള്ളവരുടെ മൃതദേഹം തിങ്കൾ രാവിലെയാണ് കിട്ടിയത്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. പൊതുദർശനത്തിനു ശേഷം ഖബറടക്കി.
അതിതീവ്ര മഴയിൽ ഞായറാഴ്ച വീടിനുമുകളിൽ മണ്ണിടിഞ്ഞുവീണ് മരിച്ച കോട്ടയം പൂഞ്ഞാർ തെക്കേക്കരയിൽ ജോസഫിന്റെ മൃതദേഹം സംസ്‌കരിച്ചു. തീക്കോയിൽ മണ്ണിടിഞ്ഞുവീണ് മരിച്ച വിനോദസഞ്ചാരി ചെന്നൈ ജവഹർ നഗർ സ്വദേശിനി സംഗീത അരുൾലാലി (35)ന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. ഇടുക്കി വട്ടവട കൊട്ടക്കമ്പൂരിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മരിച്ച ബാലകൃഷ്ണന്റെയും ചിന്നമ്മാളിന്റെയും മൃതദേഹം സംസ്‌കരിച്ചു.








0 comments