വാഗമൺ ഇന്റർനാഷണൽ പാരാഗ്ലൈഡിങ് മത്സരങ്ങൾ 19 മുതൽ

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷൻ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇൻറർനാഷണൽ പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വാഗമൺ ഇന്റർനാഷണൽ ടോപ് ലാൻഡിങ് ആക്യുറസി കപ്പ് മാർച്ച് 19 മുതൽ 23 വരെ വാഗമൺ കോലാഹലമേട്ടിൽ നടക്കും. ആറ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ പതിനൊന്ന് രാജ്യങ്ങളിൽ നിന്നായി 86 മത്സരാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഫെഡറേഷൻ ഓഫ് എയ്റോനോട്ടിക് ഇന്റർനാഷണൽ, എയ്റോക്ലബ് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരത്തോടെയും സാങ്കേതിക സഹകരണത്തോടെയുമാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഫ്ളൈ വാഗമണാണ് പരിപാടിയുടെ പ്രാദേശിക സംഘാടകർ. പാരാഗ്ലൈഡിംഗ് ആക്യുറസി ഓവറോൾ, പാരാഗ്ലൈഡിംഗ് ആക്യുറസി വിമൻ, പാരാഗ്ലൈഡിംഗ് ആക്യുറസി ടീം, പാരാഗ്ലൈഡിംഗ് ആക്യുറസി ഇന്ത്യൻ ഓവറോൾ, പാരാഗ്ലൈഡിംഗ് ആക്യുറസി ഇന്ത്യൻ വിമൻ, പാരാഗ്ലൈഡിംഗ് ആക്യുറസി ജൂനിയർ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. എല്ലാ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് യഥാക്രമം, ഒന്നരലക്ഷം രൂപ, ഒരു ലക്ഷം രൂപ, അമ്പതിനായിരം രൂപ എന്നിങ്ങനെയാണ് സമ്മാനം.
രാജ്യത്തിന്റെ സാഹസിക ടൂറിസം ഭൂപടത്തിൽ സുപ്രധാനമായ സ്ഥാനമാണ് കേരളത്തിനുള്ളതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സാഹസിക ടൂറിസം രംഗത്തെ സാധ്യതകൾ കഴിഞ്ഞ മൂന്ന് വർഷമായി പൂർണമായി ഉപയോഗപ്പെടുത്തുകയാണ്. വൈറ്റ് വാട്ടർ കയാക്കിംഗ്, പാരാഗ്ലൈഡിങ്, സർഫിങ്, മൗണ്ടൻ സൈക്ലിങ് തുടങ്ങിയ സാഹസിക ഇനങ്ങളിൽ കേരളത്തിന് ഏറെ സാധ്യതകളാണെന്നും അദ്ദേഹം പറഞ്ഞു.
വാഗമണിൽ നിന്നും നാല് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കോലാഹലമേട്ടിലെ അഡ്വഞ്ചർ പാർക്കിലാണ് പാരാഗ്ലൈഡിങ് മത്സരങ്ങൾ നടക്കുന്നത്. 3000 അടി ഉയരത്തിൽ 10 കിലോമീറ്റർ ദൂരത്തിലുള്ള ഈ സ്ഥലം ടേക്ക ഓഫിനും ലാൻഡിങ്ങിനും പ്രത്യേകം അനുയോജ്യമാണ്.









0 comments