ചെന്നിത്തലയ്ക്ക് മത്സ്യത്തൊഴിലാളികൾ മറുപടി നൽകും: കെ വി തോമസ്

രമേശ് ചെന്നിത്തല, പ്രൊഫ.കെ വി തോമസ്
കൊച്ചി: മത്സ്യത്തൊഴിലാളികളെ അപമാനിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സ്യത്തൊഴിലാളികൾ മറുപടി നൽകുമെന്ന് പ്രൊഫ.കെ വി തോമസ്. താൻ മത്സ്യത്തൊഴിലാളി വിഭാഗത്തിൽ നിന്നുള്ള ആളാണ്. അതുകൊണ്ട് തന്നെ “തിരുതത്തോമ” എന്ന് വിളിക്കുന്നതിനെ അപമാനമായി കാണുന്നില്ല. അഭിമാനം മാത്രാണ്. പക്ഷേ, ഇത്തരം വിളികളിലൂടെ ഒരു സമൂഹത്തെ മുഴുവൻ താഴ്ത്തിക്കാണിക്കുന്ന മനോഭാവമാണ് പുറത്തുവന്നിരിക്കുന്നതെന്നും കെ വി തോമസ് പറഞ്ഞു.
തിരുതത്തോമ എന്ന വിളി തനിക്കെതിരെ ആരംഭിച്ചത് കോൺഗ്രസുകാരാണ്. കോൺഗ്രസിന്റെ മനസാണ് ഇതിലൂടെ പുറത്തുവരുന്നത്. 25 വർഷമായി പൊതുരംഗത്ത് നിൽക്കുന്നുണ്ട്. നാനാത്വത്തിൽ ഏകത്വം വിശ്വസിക്കുന്ന മതനിരപേക്ഷ കേരളം ഇത്തരം മനോഭാവങ്ങളെ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. ജനങ്ങളെ അപമാനിക്കുന്നവർക്കുള്ള മറുപടി ജനാധിപത്യ വഴിയിലൂടെ തന്നെ ജനങ്ങൾ നൽകുമെന്നും കെ വി തോമസ് സോഷ്യൽമീഡിയ പോസ്റ്റിൽ പറഞ്ഞു.









0 comments