കേരളത്തിൽ ആദ്യം; വനിതാ സംരംഭകർക്കായി വ്യവസായ പാർക്ക് ഒരുങ്ങുന്നു

Image: AI
തിരുവനന്തപുരം: കേരള ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ വനിതാ സംരംഭകർക്ക് വേണ്ടി മാത്രയാമൊരു വ്യവസായ പാർക്ക് യാഥാർത്ഥ്യമാകുന്നു. ഈ പദ്ധതിയിലൂടെ സ്ത്രീ സംരംഭകരെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായമന്ത്രി പി രാജീവ് അറിയിച്ചു.
കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വലിയ തോതിൽ വനിതാ സംരംഭകർ മുന്നോട്ട് വരുന്നുണ്ട്. സംരംഭക വർഷത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത സംരംഭകരിൽ 31 ശതമാനവും സ്ത്രീകളാണ്. സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ സുപ്രധാനമായ ചട്ടങ്ങളിളും ഭേദഗതി വരുത്തിയിട്ടുണ്ട്. പഞ്ചായത്തുകളിലെ വീടുകളുടെ 50% വരെ സംരംഭം തുടങ്ങാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും. ഒഴിഞ്ഞ് കിടക്കുന്ന വീടുകളിൽ 100% സംരംഭം തുടങ്ങാൻ കഴിയും. സംരംഭകർക്ക് വേണ്ട നൈപുണ്യ വികസനവും സർക്കാർ ഉറപ്പാക്കും. കൂടാതെ, സംരംഭകരുടെ ഉൽപ്പന്നങ്ങൾ വിദേശ എക്സിബിഷനുകളിൽ പങ്കെടുപ്പിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായവും വ്യവസായ വകുപ്പ് നൽകുന്നുണ്ട്. ഓൺലൈൻ വിപണി സജീവമാക്കാൻ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളും സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.










0 comments