തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേരിയ തീപിടിത്തം; തീയണച്ച് ഫയർഫോഴ്സ്

തിരുവനന്തപുരം : തിരുവവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേരിയ തീപിടിത്തം. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഐസിയുവിലെ മുഴുവൻ രോഗികളെയും ജീവനക്കാരെയും മാറ്റി. തീപിടിത്തം നിയന്ത്രണ വിധേയമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തീപിടിത്തവുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു ആശങ്കയും വേണ്ടെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സി ജി ജയചന്ദ്രൻ പ്രതികരിച്ചു. ഒരു രോഗിക്കും ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. സ്ഥിതിഗതികൾ പരിശോധിച്ചു പൊലീസിന്റെയും ഫയർഫോഴ്സിന്റെയും ആശുപത്രി അധികൃതരുടെയും ഭാഗത്തുനിന്ന് എല്ലാ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. ഐസിയുവിൽ നിന്ന് രോഗികളെ മുഴുവനായും മാറ്റിയതായും തീപിടിത്തത്തിന്റെ വിശദാംശങ്ങൾ തുടർ പരിശോധനക്കു ശേഷം അറിയിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.
ഷോർട്ട് സെർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. തീ പൂർണമായും അണച്ചുവെന്നും ഫയർഫോഴ്സ് അറിയിച്ചു.










0 comments