സ്ത്രീ സൗഹൃദ ടൂറിസം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം

തിരുവനന്തപുരം: സ്ത്രീ സൗഹൃദ ടൂറിസം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ടൂറിസം വകുപ്പിന്റെ കേരള ഉത്തരവാദിത്ത ടൂറിസം (ആർടി) മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വനിതാ യൂണിറ്റുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നവംബർ 15 ആണ് അവസാന തിയതി. ആർടി മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വനിതാ യൂണിറ്റുകൾക്ക് സംരംഭകത്വ വികസനത്തിനും വനിതാ സംരംഭങ്ങൾക്കുള്ള ഒറ്റത്തവണ സാമ്പത്തിക സഹായത്തിനും പുറമേ ഫ്രഷ് അപ്പ് ഹോംസ്, വനിതാ ആർടി ക്ലബ് തുടങ്ങിയ സംരംഭങ്ങൾക്കാണ് സാമ്പത്തിക സഹായം ലഭിക്കുക.
കേരള ടൂറിസം വകുപ്പ് ക്ലാസിഫൈ ചെയ്തതും ടൂറിസം മിഷൻ സൊസൈറ്റിയുടെ രജിസ്റ്റർ ചെയ്തതുമായ ഹോംസ്റ്റേകൾക്കും എക്സ്പീരിയൻസ് എത്‍നിക് ക്യുസിൻ യൂണിറ്റുകൾക്കും ഫ്രഷ് അപ് ഹോംസ് പദ്ധതിയിൽ അപേക്ഷിക്കാം. ഗ്രാമീണ സന്ദർശന പാക്കേജുകൾ നടത്തിവരുന്ന വീടുകൾ, ഫാം സ്റ്റേ തുടങ്ങിയ സംരംഭങ്ങൾക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താനാകും. ഫ്രഷ് അപ്പ് ഹോംസ് സ്ഥാപിക്കുന്നതിന് ഏകദേശം 50 യൂണിറ്റുകൾക്ക് 25,000 രൂപ വീതം (രണ്ട് ഗഡുക്കളായി) ലഭിക്കും.
കാന്തല്ലൂർ, മറയൂർ, വട്ടവട, മറവുന്തുരത്ത്, ചെമ്പ്, കൂടരഞ്ഞി, കടലുണ്ടി, തൃത്താല, പട്ടിത്തറ, പിണറായി, അഞ്ചരക്കണ്ടി, ചേകാടി, പെരുമ്പളം, വലിയപറമ്പ, അയ്മനം (മാഞ്ചിറ), മൺറോ തുരുത്ത്, ആറൻമുള എന്നിവിടങ്ങളിൽ രണ്ടെണ്ണം വീതവും കണ്ണൂർ ചാൽ ബീച്ച്, മുഹമ്മ, തലയാഴം, വെച്ചൂർ, പുന്നയൂർക്കുളം, അഞ്ചുതെങ്ങ്, അമ്പൂരി, ബാലരാമപുരം, ആദികടലായി (കണ്ണൂർ), തണ്ണീർമുക്കം, തിരുവില്വാമല, തിരുനെല്ലി എന്നീ പ്രദേശങ്ങളിൽ ഒരെണ്ണം വീതവുമാണ് ഫ്രഷ് അപ് ഹോംസ് അനുവദിക്കുക.
സുവനീർ/കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകൾ, എത്നിക് ഫുഡ് റസ്റ്റോറൻറുകൾ എന്നിവ സ്ഥാപിക്കുന്നതുൾപ്പെടെ സംരംഭകത്വ വികസന വിഭാഗത്തിൽ വനിതാ യൂണിറ്റുകൾക്ക് സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. ഒരു യൂണിറ്റിന് പരമാവധി 50,000 രൂപ വരെ ലഭിക്കും.
സംസ്ഥാനത്തിൻറെ സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച വനിതാ ആർടി ക്ലബുകൾക്കും വിവിധ സംരംഭങ്ങൾ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായം ലഭിക്കും. പ്രാരംഭഘട്ടത്തിൽ അഞ്ച് യൂണിറ്റുകൾക്ക് രണ്ട് ലക്ഷം രൂപ വരെയാണ് ലഭിക്കുക. ഓരോ ക്ലബ്ബും പ്രത്യേകമായി പദ്ധതിരേഖ സമർപ്പിക്കണം. കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്ത് ഒരു വർഷം പൂർത്തിയാക്കിയ സ്ത്രീ സംരംഭങ്ങൾക്ക് ഒറ്റത്തവണ ധനസഹായം ലഭിക്കും. ഓരോ ജില്ലയിൽ നിന്നും പത്ത് യൂണിറ്റുകൾക്ക് പതിനായിരം രൂപ വീതമാണ് ലഭിക്കുക. വിവരങ്ങൾക്ക് https://www.keralatourism.org/responsible-tourism/. വിലാസം: കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി, ടൂറിസം വകുപ്പ്, പാർക്ക് വ്യൂ, തിരുവനന്തപുരം- 695033. ഫോൺ: 0471 2334749.










0 comments