അക്രമികൾക്കെതിരെ പരാതി നൽകിയതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ ശരി: ഭാവന

തിരുവനന്തപുരം: ആക്രമണം നേരിട്ടതിന് പിന്നാലെ പരാതി നൽകിയതാണ് ജീവിതത്തിൽ ചെയ്ത ഏറ്റവും ശരിയായ കാര്യമെന്ന് നടി ഭാവന. "അതാണ് ശരി എന്ന് എനിക്ക് തോന്നി, ഞാൻ അത് ചെയ്തു. അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമായിരുന്നു. എന്റെ മനസമാധാനം ഇല്ലാതാകുമായിരുന്നു". തെറ്റ് ചെയ്തിട്ടില്ലാത്തിടത്തോളം കാലം പരാതി നൽകിയത് ശരിയാണെന്ന് വിശ്വസിക്കുന്നുവെന്നും ഭാവന പറഞ്ഞു.
"ഈ യാത്രയിൽ വീഴാതെ പിടിച്ചു നിർത്തിയതിനുള്ള കടപ്പാട് എന്നോട് തന്നെയാണ്. എല്ലാവരും പിന്തുണയ്ക്കാനുണ്ട്. അവർക്ക് അതേ ചെയ്യാൻ സാധിക്കൂ. വിഷമിക്കരുത്, ഞങ്ങൾ കൂടെയുണ്ട്, ഒറ്റയ്ക്കല്ല എന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയും. നാളെ ഇത്തരം സാഹചര്യത്തിൽ ഞാനാണെങ്കിലും മറ്റൊരാളോട് അങ്ങനെ പറയാനെ സാധിക്കൂ. അതല്ലാതെ ഇന്ന് മുതൽ നിന്റെ വേദനകൾ ഞാനെടുക്കാം എന്ന് എനിക്ക് പറയാനാവില്ല. ആർക്കും എന്റെ വേദനകൾ പങ്കിടാൻ പറ്റില്ല. അവർക്ക് എന്നെ മനസിലാക്കാൻ സാധിക്കും. പക്ഷെ അവസാനം എല്ലാം നേരിടുന്നതിനും മുന്നോട്ട് പോകുന്നതിനും ഞാൻ എന്നോട് തന്നെ കടപ്പെട്ടിരിക്കുന്നു.
കേസിൽ നിലപാട് മാറ്റിയ ചില സാക്ഷികളുണ്ട്. അവരുടെ പേര് ഞാൻ പറയുന്നില്ല. അതൊന്നും എനിക്കിപ്പോൾ ഷോക്കിങ് അല്ല. അവരുടെ തീരുമാനമല്ലേ അത്. എനിക്ക് പരാതിയില്ല. കുടുംബത്തിനും സുഹൃത്തുകൾക്കുമപ്പുറം എന്നെ ചേർത്തു നിർത്തിയ ഒരുപാട് പേരുണ്ട്. ഇപ്പോഴും എന്നെ കാണുമ്പോൾ കെട്ടിപ്പിടിച്ചും ചേർത്തു നിർത്തിയും വൈകാരികമായി സംസാരിക്കുന്നവരുണ്ട്"- ഭാവന കൂട്ടിച്ചേർത്തു. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യങ്ങൾ പങ്കുവച്ചത്.










0 comments