print edition കേരളം പനിക്കിടക്കയിൽ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : ഇടവിട്ടുള്ള മഴയിൽ സംസ്ഥാനം വീണ്ടും പനിക്കിടക്കയിൽ. പ്രതിദിനം പതിനായിരത്തിനടുത്ത് പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. ചൊവ്വാഴ്‌ചമാത്രം 9312 പേർക്ക് രോഗം സ്ഥിരീകരിച്ചു. 20 ദിവസത്തിനുള്ളിൽ 2.09 ലക്ഷംപേരും രോഗബാധിതരായി. പാരാസെറ്റാമോൾ, ഐവി ഫ്ലൂയിഡ് മരുന്നുകളുടെ ക്ഷാമവും രോഗികളെ വലയ്ക്കുന്നുണ്ട്. ഡെങ്കിപ്പനി, ഇൻഫ്ലുവൻസ, എലിപ്പനി രോഗങ്ങളും പടർന്നുപിടിക്കുന്നതും ആരോഗ്യമേഖലയെ ആശങ്കയിലാക്കി.
കഴിഞ്ഞ ദിവസം 168 പേരാണ് സംസ്ഥാനത്താകെ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. 44 പേർക്ക് ഇൻഫ്ലുവൻസയും 16 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഇൗ മാസം ഇൻഫ്ലുവൻസ ബാധിച്ച് മരിച്ചവരുടെ എണ്ണം 17ആയി ഉയർന്നു. എലിപ്പനി വ്യാപനം രൂക്ഷമായിട്ടും പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ക്ഷാമം പരിഹരിക്കാൻ സർക്കാർ ഇടപെടലുണ്ടായിട്ടില്ല. തുലാവർഷത്തിന് മുന്നോടിയായുള്ള പ്രതിരോധ പ്രവർത്തനങ്ങളും തുടങ്ങിയിട്ടില്ല.
ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾക്കെതിരെ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം നൽകി. ശക്തമായ പനി, തലവേദന, ശരീരവേദന, ഛർദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ഡോക്ടറുടെ സഹായം തേടണം. രോഗികൾ പൂർണ വിശ്രമമെടുത്ത് ധാരാളം വെള്ളം കുടിക്കണം.
വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച തൊഴിലിടങ്ങളിലും ഞായറാഴ്ച വീടുകളിലും കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിച്ച് ‘ഡ്രൈ ഡേ' ആചരിക്കണം. ചിരട്ട, കുപ്പി, ടയർ തുടങ്ങിയവയിൽ വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കുകയും ജലസംഭരണികൾ മൂടിവയ്ക്കുകയും ചെയ്യുക. കൊതുകുകടി പ്രതിരോധിക്കാൻ ശരീരമാസകലം മൂടുന്ന വസ്ത്രങ്ങളും കൊതുകുവലയും ഉപയോഗിക്കണമെന്നും നിർദേശിച്ചു.
കെടുകാര്യസ്ഥതയ്ക്ക് ‘മരുന്നില്ല’
ആശുപത്രികളിൽ മരുന്നില്ലാതെ രോഗികൾ വലയുമ്പോൾ കെടുകാര്യസ്ഥത തുടർന്ന് സർക്കാർ. ആവശ്യമരുന്നുപോലും ലഭ്യമല്ലാതെ പല ആശുപത്രികളിലും പ്രവർത്തനം താറുമാറായി. പനിക്കിടക്കയിൽനിന്നും രോഗികൾ സ്വകാര്യ ഫാർമസികൾ കയറിയിറങ്ങുമ്പോൾ കമ്പനികളുമായി വിലപേശലിലാണ് ആരോഗ്യവകുപ്പ്.
ടെണ്ടർ നടപടികൾ മൂന്നുമാസത്തിലേറെ വൈകിയതിനാൽ മരുന്ന് അടിയന്തരമായി നൽകാൻ കമ്പനികൾ തയ്യാറായിട്ടില്ല. അത്യാവശ്യ മരുന്നുകൾപോലും ലഭിക്കാൻ 45 ദിവസത്തിലേറെ വൈകാനാണ് സാധ്യത. മെയ് മാസമാണ് സാധാരണ പർച്ചേസ് ഓർഡർ നൽകേണ്ടത്. മെയ് 18ന് അധികാരത്തിലെത്തിയിട്ടും ആഗസ്തിൽ മരുന്നുക്ഷാമം രൂക്ഷമായശേഷമാണ് സർക്കാർ ടെണ്ടർ നടപടി സ്വീകരിച്ചത്.
നടപടികൾ ഏകോപിപ്പിക്കേണ്ട കെഎംഎസ്‌സിഎൽ ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റിയത് സംവിധാനത്തയാകെ ബാധിച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ശേഖരിച്ചുവച്ചിരുന്ന മരുന്നുകളിലാണ് ആശുപത്രികൾ പിടിച്ചുനിന്നത്. അത്യാവശ്യ മരുന്നുകളുടെ പട്ടികയിലെ 855 എണ്ണത്തിൽ 664 എണ്ണത്തിന് മാത്രമാണ് ഓർഡർ നൽകിയത്.
ബാക്കിയുള്ളവയ്ക്ക് ടെണ്ടർ വിളിച്ചിട്ടേയുള്ളൂ. കുറഞ്ഞ ഡെലിവെറി സമയം 100 ദിവസമാണ്. താൽക്കാലിക പരിഹാരമായി സ്വകാര്യ ഫാർസ്യൂട്ടിക്കൽസിൽനിന്ന് കാരുണ്യവഴി ലോക്കൽ പർച്ചേസ് നടത്താനാണ് നിർദേശം. സ്വകാര്യമേഖലയെ സഹായിക്കാനാണ് നീക്കമെന്നും ആക്ഷേപമുണ്ട്. സംസ്ഥാനത്ത് പ്രതിദിനം പനിബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം പതിനായിരം കടക്കുമ്പോൾ പാരസെറ്റാമോളോ ഐവി ഫ്ലൂയിഡോപോലും ലഭിക്കാത്ത സ്ഥിതിയാണ് നിലവിൽ.










0 comments