'എല്ലാ മനുഷ്യരേയും ചേർത്തുപിടിക്കുന്നയാൾ'; ഒ ആർ കേളുവിനെ കുറിച്ച് ഫാദർ വർഗീസ് മറ്റമനയുടെ വാക്കുകൾ

ഫാദർ വർഗീസ് മറ്റമന, ഒ ആർ കേളു
വയനാട്: വേർതിരിവുകളില്ലാതെ എല്ലാ മനുഷ്യരേയും ഒരുപോലെ ചേർത്തുപിടിക്കുന്ന ആളാണ് മാനന്തവാടി നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ ഒ ആർ കേളുവെന്ന് ഫാദർ വർഗീസ് മറ്റമന. അദ്ദേഹത്തിന്റെ നന്മയാണ് തന്നെ ആകർഷിച്ചതെന്നും മാനന്തവാടിയിൽ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെൻഷനിൽ സംസാരിക്കുന്നതിനിടയിൽ ഫാദർ വർഗീസ് പറഞ്ഞു. ഫാദർ വർഗീസ് മറ്റമനയുടെ വാക്കുകൾ ഇതിനോടകം സോഷ്യൽമീഡിയയിൽ വൈറലായി.
ഫാദർ വർഗീസ് മറ്റമനയുടെ വാക്കുകള്‍ :
ബൈബിൾ പറഞ്ഞു തന്നെ തുടങ്ങാമെന്ന് വിചാരിച്ചു. യോഹന്നാന്റെ സുവിശേഷം എട്ടാം അധ്യായത്തിൽ ഒരു വാക്യമുണ്ട്, നിങ്ങൾ സത്യം അറിയുകയും അറിഞ്ഞ സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. നുണകൾ മാത്രം പടച്ചുവിടുകയും പടച്ചുവിട്ട നുണയെല്ലാം സത്യമാണെന്ന് വിശ്വസിക്കുകയും സമൂഹത്തെ മുഴുവൻ അതിൽ സത്യമാണെന്ന് വിശ്വസിപ്പിക്കാൻ പരിശ്രമിക്കുകയും എന്നിട്ട് ഞാൻ ഉണ്ടാക്കിയ നുണ ശരിയായിരുന്നു എന്ന് സംശയിക്കുകയും ചെയ്യുന്ന നേതാക്കന്മാരുള്ള ഒരു കാലത്ത് ജീവിക്കുമ്പോൾ സത്യം അറിയാനും സത്യം മനസ്സിലാക്കാനും സത്യത്തെ മുറുകെ പിടിക്കാനും ധൈര്യമുള്ള ആൾക്കാരാണ് ഇവിടെ ഇരിക്കുന്നത് എന്നാണ് എന്റെ വിശ്വാസം. നമ്മൾ വയനാട്ടുകാരെ ഇത് പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ല. ഒ ആർ കേളു എന്താണ് വയനാട്ടിൽ ചെയ്തത് എന്ന് വയനാട്ടുകാരെ പറഞ്ഞു പഠിപ്പിക്കേണ്ട, അത് ഞങ്ങൾക്കറിയാം. ഇവിടെ ഇരിക്കുന്ന ആരെങ്കിലും ഒരാൾ പറയാമോ ഒ ആർ കേളു അഴിമതിക്കാരൻ ആയിരുന്നു എന്ന്. ഇനി, വ്യത്യസ്ത അതായത് എൽഡിഎഫിൽ പെടാത്ത ഒരാൾ വന്നിട്ട് ഒരു ആവശ്യം പറഞ്ഞിട്ട് നീ എൽഡിഎഫിൽ പെടുന്നവനല്ല അല്ലെങ്കിൽ പെടുന്നവളല്ല എന്ന് പറഞ്ഞ് ഞാൻ അത് ചെയ്തു തരില്ല എന്ന് പറഞ്ഞ് ആരെയെങ്കിലും മാറ്റി നിർത്തിയതായിട്ട് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ജാതിയുടെ മതത്തിന്റെ പേരിൽ ആരെയെങ്കിലും മാറ്റി നിർത്തിയതായിട്ട് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ ? അതാണ് ഒ ആർ കേളു. അദ്ദേഹത്തിന്റെ ഈ നന്മയാണ് എന്നെ അദ്ദേഹത്തിലേക്ക് ആകർഷിച്ചത്.










0 comments