print edition എംഡിഎംഎയുമായി ഫോട്ടോഗ്രാഫർ പിടിയിലായ കേസ്; ഒരാഴ്‌ചയ്‌ക്കിടെ 6 കോടിയുടെ ലഹരിക്കച്ചവടം

പ്രതീകാത്മക ചിത്രം
കൊച്ചി: എംഡിഎംഎയുമായി കൊച്ചിയിൽ ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിലായ സംഭവത്തിൽ മയക്കുമരുന്ന് വിതരണക്കാരൻ കോഴിക്കോട് സ്വദേശി ഉബൈദ് ഒരാഴ്‌ചയ്‌ക്കിടെ നഗരത്തിൽ നടത്തിയത് ആറുകോടി രൂപയുടെ മയക്കുമരുന്ന് കച്ചവടം. വിൽപ്പനക്കാർക്ക് ഇയാൾ 250, 500 ഗ്രാം, ഒരുകിലോ എന്ന അളവിലാണ് എംഡിഎംഎ നൽകിയിരുന്നത്.
വിൽപനയ്ക്കുശേഷം പണം നൽകിയാൽ മതിയെന്ന രീതിയിലായിരുന്നു കച്ചവടം. ഡൽഹിയിൽനിന്നാണ് ഇയാൾ എംഡിഎംഎ വാങ്ങിയിരുന്നത്. മട്ടാഞ്ചേരിയിൽ രണ്ടുകോടി രൂപയുടെ മയക്കുമരുന്ന് പിടിച്ച കേസിൽ ഇയാൾക്ക് ബന്ധമുള്ളതായും സംശയിക്കുന്നു. ഒളിവിലുള്ള ഉബൈദിനായി എക്‌സൈസ് അന്വേഷണം തുടരുകയാണ്. അരുണിന്റെ ഫോണിലെ വാട്‌സാപ് ചാറ്റിൽനിന്ന് ഉബൈദിന് ‘റോളക്‌സ്’ എന്ന പേരുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്.
38.13 ഗ്രാം എംഡിഎംഎയും 15 ലക്ഷത്തിലധികം രൂപയുമായി എക്‌സൈസ് ശനിയാഴ്‌ച അറസ്‌റ്റ് ചെയ്‌ത കോട്ടയം പാമ്പാടി സ്വദേശി അരുൺ കെ നായരുടെ ഫോണിൽനിന്നാണ് ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഉബൈദ് സംസ്ഥാനം വിട്ടതായാണ് സൂചന. കൂടുതൽ അറസ്‌റ്റ് ഉണ്ടാകുമെന്നാണ് വിവരം.
അരുണിന്റെ ഫോണിൽ ആരുടെയും നന്പർ സേവ് ചെയ്‌തിട്ടില്ല. ഇയാൾ നാല് സിം കാർഡുകൾ ഉപയോഗിച്ചിരുന്നു. ഇൗ നന്പറുകളിൽ വാട്‌സാപ് അക്കൗണ്ടുകളുമുണ്ട്. ഫോണിന്റെ സിഡിആർ വിവരങ്ങൾക്കായി കാക്കുകയാണ് അന്വേഷകസംഘം.
ഇയാൾ സിനിമാമേഖലയിൽ മയക്കുമരുന്ന് വിതരണം ചെയ്‌തതായി കണ്ടെത്തിയിരുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾക്കാണ് നൽകിയിരുന്നതെന്നും സൂചനയുണ്ട്. ഇയാളുടെ സിനിമാബന്ധങ്ങളെക്കുറിച്ചും കൂടുതൽ അന്വേഷണം ആരംഭിച്ചു. ഇൗ മേഖലയിലെ കൂടുതൽ പേരുടെ മൊഴിയെടുക്കും.









0 comments